ലുക്ക് മാറ്റി മഹീന്ദ്ര ഥാർ ഇ പുറത്തിറക്കി

രാജ്യത്തെ എസ്.യു.വി വിഭാഗത്തിലെ മുൻനിരക്കാരായ മഹീന്ദ്ര & മഹീന്ദ്രയുടെ ഉപസ്ഥാപനമായ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽസ് ലിമിറ്റഡ് (എംഇഎഎൽ) ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന ഫ്യൂച്ചർസ്കേപ്പ് ഇവൻറിൽ ‘വിഷൻ ഥാർ.ഇ’ അവതരിപ്പിച്ചു. മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് യൂട്ടിലിറ്റി വാഹനങ്ങളായ ബൊലേറോ, സ്‌കോർപിയോ, എക്‌സ്‌യുവി എന്നീ വാഹനങ്ങളെപോലെ തന്നെയാണ് മഹീന്ദ്ര വിഷൻ ഥാർ. ഇയും. മികച്ച ഗ്രൗണ്ട് ക്ലിയറൻസും ആധുനിക സൗകര്യങ്ങളുമാണ് ഈ കരുത്തുറ്റ വാഹനത്തിന്റെ പ്രത്യേകത. അഞ്ചു ഡോറുകളും ബാറ്ററി പാക്കും ഉൾക്കൊള്ളുന്നതിനായി 2,775 എംഎമ്മിൽ നിന്നും 2,975 എംഎമ്മാക്കി വീൽ ബേസ് വർധിപ്പിച്ചിട്ടുണ്ട്.

സാധാരണ ഥാറിൽ നിന്ന് വ്യത്യസ്തമായ ലുക്കാണ് ഇലക്ട്രിക് മോഡലിന് നൽകിയിട്ടുള്ളത്. എക്‌സ്റ്റീരിയർ റെട്രോ സ്‌റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്. ചതുരാകൃതിയിൽ ഒരുങ്ങിയിട്ടുള്ള ഡിആർഎല്ലും ഹെഡ്‌ലൈറ്റും, പുതുമയോടെ തീർത്തിരിക്കുന്ന ഗ്രില്ലും, ഓഫ്‌റോഡ് വാഹനങ്ങളെ ഓർമപ്പെടുത്തുന്ന ബമ്പറും, ഹമ്മറിലേതിന് സമാനമായി ഒരുങ്ങിയിട്ടുള്ള വിൻഡ് ഷീൽഡുമാണ് മുൻഭാഗം അലങ്കരിക്കുന്നത്. എൽഇഡി ടെയ്ൽലൈറ്റും മസ്‌കുലർ ബമ്പറുമൊക്കെയാണ് പിൻഭാഗം ആകർഷകമാക്കുന്നത്.

ലളിതമായ ഡിസൈനിലാണ് വാഹനത്തിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. വലിപ്പം കൂടിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ഒരേയൊരു ആഡംബരം. ഉള്ളിൽ പരന്ന ഡാഷ് ബോർഡ് ആണുള്ളത്. വാഹനത്തിന്റെ വശങ്ങളിൽ ഗ്രാബ് ഹാൻഡിലുകൾ നൽകിയിട്ടുണ്ട്. ത്രീ സ്‌പോക് സ്റ്റിയറിങ് വീലുള്ള ഥാർ ഇയിൽ ടച്ച് സ്‌ക്രീൻ നടുവിലായാണ് നൽകിയിട്ടുള്ളത്. മിനിമൽ ഡിസൈനാണ് ഉള്ളിൽ മഹീന്ദ്ര നൽകിയിട്ടുള്ളത്. വാഹനത്തിന് അടിയിലായി പരന്ന ബാറ്ററികൾ സ്ഥാപിച്ചിട്ടുണ്ട്.

നിലവിൽ XUV300നെ അടിസ്ഥാനമാക്കിയുള്ള XUV400 മാത്രമാണ് മഹീന്ദ്ര വിപണിയിലിറക്കുന്ന ഏക വൈദ്യുതി കാർ. 2026 ഒക്ടോബറിനു മുമ്പ് അഞ്ച് വൈദ്യുതി എസ്‌യുവികളെ പുറത്തിറക്കാൻ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്. ഇതിൽ ഒരെണ്ണമാണ് ഥാർ ഇ. മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമിലായിരിക്കും എല്ലാ വൈദ്യുതി വാഹനങ്ങളും പുറത്തിറക്കുക. 60kWh മുതൽ 80kWh വരെ കരുത്തുള്ള ബാറ്ററി ഉൾക്കൊള്ളാൻ മഹീന്ദ്രയുടെ ഈ പ്ലാറ്റ്‌ഫോമിന് സാധിക്കും.

അര മണിക്കൂറിൽ 80 ശതമാനം വരെ ചാർജു ചെയ്യാനുള്ള ശേഷി ഈ പ്ലാറ്റ്‌ഫോമിൽ പുറത്തിറങ്ങുന്ന വാഹനങ്ങൾക്കുണ്ടാവുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. തങ്ങളുടെ ഈ പുതിയ ഡിസൈൻ വലിയൊരു മാറ്റത്തിനുളള തുടക്കമായിരിക്കുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസ് പറഞ്ഞത്. ബ്രാൻഡിന്റെ ഈയൊരു നീക്കം എന്തായാലും വൈദ്യുത വാഹന രംഗത്ത് വലിയ വിപ്ലവങ്ങളായിരിക്കും സൃഷ്ടിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7