അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ലയണല്‍ മെസ്സി. സമൂഹമാധ്യമങ്ങളിലൂടെയാണ് മെസ്സി നന്ദി പ്രകടിപ്പിച്ചത്. കുട്ടിക്കാലം മുതലുള്ള ചെറിയ വീഡിയോയും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ 30 വര്‍ഷത്തോളമെടുത്തു. ആ പന്ത് എനിക്ക് സന്തോഷങ്ങളുൂം സങ്കടങ്ങളും സമ്മാനിച്ചിട്ട് മൂന്ന് പതിറ്റാണ്ടിനോടടുക്കുന്നു. ഒരു ലോകചാമ്പ്യനാവുക എന്ന സ്വപ്‌നം എപ്പോഴുമുണ്ടായിരുന്നു’- മെസ്സി ഇങ്ങനെയാണ് കുറിപ്പ് ആരംഭിച്ചത്.
ഗ്രാന്‍ഡോളി എഫ്‌സിയില്‍ പന്തുതട്ടിക്കളിക്കുന്ന രംഗങ്ങള്‍, അര്‍ജന്റീനയ്ക്കായുള്ള അരങ്ങേറ്റം, 2014- ലോകകപ്പ് കലാശപ്പോരിലെ ഹൃദയഭേദകമായ നിമിഷങ്ങള്‍, ഒടുവില്‍ ലോകകപ്പ് വിജയിച്ച് കിരീടത്തില്‍ മുത്തമിടുന്നതും വീഡിയോയിലുണ്ട്.
‘2014-ലെ ലോകകപ്പില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നവരുടേത് കൂടിയാണ് ഈകപ്പ്. അവരും അന്ന് അവസാനം വരെ പൊരുതി. സ്വര്‍ഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു’- മെസ്സി കുറിച്ചു.
‘പരാജയങ്ങള്‍ യാത്രയുടെ ഭാഗമാണ്. നിരാശകളില്ലാതെ വിജയം കൈവരിക്കുക അസാധ്യമാണ്. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’- ലോകകപ്പ് യാത്രയില്‍ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടുള്ള വികാരനിര്‍ഭരമായ കുറിപ്പ് മെസ്സി ഇങ്ങനെയാണ് അവസാനിപ്പിച്ചത്.