തിരുവനന്തപുരം: ഗവർണർക്കെതിരായ എസ്.എഫ്.ഐയുടെ അസഭ്യ ബാനറിൽ ഖേദം പ്രകടിപ്പിച്ച് സംസ്കൃത കോളേജ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കേരള സർവകലാശാലയ്ക്ക് പ്രിൻസിപ്പൽ ഉറപ്പു നൽകി. ബാനർ നീക്കിയതായി ചൂണ്ടിക്കാണിച്ച് കോളേജ് പ്രിൻസിപ്പൽ സർവകലാശാലാ രജിസ്ട്രാർക്ക് കത്ത് നൽകി.
കോളേജ് കവാടത്തിൽ ഗവർണർക്കെതിരേ അസഭ്യ ബാനർ ശ്രദ്ധയിൽപ്പെട്ടതോടെ രാജ്ഭവൻ കേരള സർവകലാശാല വി.സിയോട് വിശദീകരണം തേടാൻ നിർദേശിച്ചിരുന്നു. തുടർന്ന് രജിസ്ട്രാർ മുഖേന പ്രിൻസിപ്പലിനോട് വിശദീകരണം തേടുകയായിരുന്നു. പിന്നാലെയാണ് രജിസ്ട്രാർക്ക് പ്രിൻസിപ്പൽ മറുപടി നൽകിയത്.
ബാനർ നീക്കിയിട്ടുണ്ട്. വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും – കത്തിലൂടെ കോളേജ് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് ഉറപ്പുനൽകി.
രാജ് ഭവൻ ഗവർണറുടെ പാരമ്പര്യ സ്വത്തല്ലെന്ന് പറയാൻ നിന്ദ്യമായ പദപ്രയോഗമാണ് എസ്.എഫ്.ഐ. പ്രവർത്തകർ ഉപയോഗിച്ചത്. വിദ്യാർഥികളുടെ സാംസ്കാരിക മൂല്യച്യുതി എന്ന നിലയിലാണ് രാജ്ഭവൻ വിഷയത്തെ കാണുന്നത്. കോളേജിൽ വിദ്യുത്സദസ് നടക്കുന്ന ദിവസം തന്നെയാണ് കവാടത്തിൽ ബാനർ പ്രത്യക്ഷപ്പെട്ടത്. പരിപാടി ഉദ്ഘാടനം ചെയ്യാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കടന്നു പോയതും ഈ കവാടത്തിൽ കൂടിയായിരുന്നു. തുടർന്ന് മന്ത്രി പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കെ കവാടത്തിലെ ബാനർ എസ്.എഫ്.ഐ. നീക്കിയിരുന്നു.