ദുബായിലേത് സ്വകാര്യ സന്ദര്‍ശനം; വിശദീകരണം നല്‍കി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: തന്റെ ദുബായ് സന്ദര്‍ശനം സ്വകാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം പേഴ്‌സണല്‍ സ്റ്റാഫിന്റേത് ഔദ്യോഗികമാണെന്നും വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

യു കെ, നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിവരവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് സന്ദര്‍ശനം നടത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം. അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഒപ്പം ചേര്‍ത്തതില്‍ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. സ്വകാര്യ സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ട വിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം തേടിയത്.

ദുബായില്‍ തന്റെ സന്ദര്‍ശനം സ്വകാര്യമാണ്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാള്‍ ഔദ്യോഗിക സന്ദര്‍ശനമാണ് നടത്തുന്നത്. ഇ-ഫയല്‍ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതിനുമാണ് പേഴ്‌സണല്‍ സ്റ്റാഫിനെ ഒപ്പം കൂട്ടിയതെന്നും മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തമാക്കി. ദുബായ് സന്ദര്‍ശനത്തിന് ചെലവ് മുഴുവന്‍ വ്യക്തിപരമായിട്ടാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം ദുബായ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയത്. അതേ സമയം അനുമതി ലഭിച്ചപ്പോഴേക്കും മുഖ്യമന്ത്രി ദുബായിലെത്തിയിരുന്നു. ഒക്ടോബര്‍ 12-ന് ഉച്ചയ്ക്ക് ശേഷമാണ് അനുമതി ലഭിച്ചത്. അന്ന് രാവിലെയോടെ തന്നെ മുഖ്യമന്ത്രി സന്ദര്‍ശനം തുടങ്ങിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7