കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമാകുകയും നീതിതേടി അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. നടിയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽവരെ ചർച്ചയായതോടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കാനൊരുങ്ങുന്നത്. വൈകാതെ മുഖ്യമന്ത്രിയുമായി നടി കൂടിക്കാഴ്ച നടത്തിയേക്കും.
കേസിൽ അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ എന്നനിലപാടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചിരിക്കുന്നത്. തുടരന്വേഷണത്തിൽ ഒപ്പം സർക്കാരുണ്ടാകുമെന്ന സന്ദേശം നൽകുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നറിയുന്നു.
തുടരന്വേഷണം കാര്യക്ഷമമല്ലെന്ന നടിയുടെ പരാതി ഹൈക്കോടതിയിൽ എത്തിയതോടെ രാഷ്ട്രീയ-സാംസ്കാരിക കേരളം നടിക്ക് പിന്തുണയുമായി വന്നിരുന്നു. അന്വേഷണം പാതിയിൽ അവസാനിപ്പിക്കുന്നു എന്നായിരുന്നു പരാതി.
എന്നാൽ, അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെങ്കിൽ ക്രൈംബ്രാഞ്ചിന് കോടതിയെ സമീപിക്കാമെന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കം ക്രൈംബ്രാഞ്ച് സംഘം ആരംഭിച്ചതായും സൂചനയുണ്ട്.
പുനരന്വേഷണം പ്രധാനഘട്ടത്തിൽ എത്തിയപ്പോഴാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റുന്നത്. തെളിവുകൾ നശിപ്പിക്കാൻ പ്രതിഭാഗം അഭിഭാഷകർ കൂട്ടുനിന്നുവെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചെങ്കിലും ഇത് തെളിയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അഭിഭാഷകരെ ചോദ്യംചെയ്യാനുമായില്ല.
കോടതിയുടെ കൈവശമുണ്ടായിരുന്ന നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡിന്റെ ഹാഷ് വാല്യു മാറ്റിയതായും ദിലീപിന്റെ ഫോണിൽനിന്ന് വിവരങ്ങൾ നശിപ്പിച്ചതായും ഫൊറൻസിക് റിപ്പോർട്ടിൽ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. ഈ വിഷയത്തിലും കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്. കേസിൽ ഇതുവരെ 15 പ്രതികളാണുള്ളത്. പുനരന്വേഷണത്തിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കിയിരുന്നു.