പാലക്കാട് : ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ സൂര്യയെന്ന വിദ്യാര്‍ഥിനിയെ കണ്ടെത്തി. ഓഗസ്റ്റ് 30നാണ് സൂര്യയെ കാണാതായത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബുക്ക് വാങ്ങാന്‍ വീട്ടില്‍നിന്നിറങ്ങിയ 21കാരിയായ സൂര്യയെ കാണാതായത് വന്‍ ചര്‍ച്ചയായിരുന്നു. മുംബൈയിലെത്തി ഒരു തമിഴ് കുടുംബത്തിനൊപ്പം മൂന്നുമാസമായി താമസിച്ചിരുന്ന സൂര്യയെ കേസന്വേഷിച്ച പ്രത്യേക പൊലീസ് സംഘമാണ് കണ്ടെത്തിയത്. അനാഥയാണെന്നു പറഞ്ഞാണ് സൂര്യ ഇവിടെ ആരുമറിയാതെ താമസിച്ചത്. സമൂഹമാധ്യമത്തില്‍ വീണ്ടും അക്കൗണ്ട് ആരംഭിക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസിനു വിവരം ലഭിച്ചത്.
2020 ഓഗസ്റ്റ് 30നാണ് ആലത്തൂര്‍ പുതിയങ്കം തെലുങ്കുത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകള്‍ സൂര്യ കൃഷ്ണയെ കാണാതായത്. ഉച്ചയ്ക്ക് അച്ഛന്‍ ജോലി ചെയ്യുന്ന കടയിലേക്കു പോയതായിരുന്നു അവള്‍. അച്ഛനെ കണ്ട് സമീപത്തെ ബുക്ക് സ്റ്റാളില്‍നിന്ന് പുസ്തകം വാങ്ങാനായിരുന്നു യാത്ര. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ രാധാകൃഷ്ണനെ സുനിത വിളിച്ചിരുന്നു. മകള്‍ ഇറങ്ങിയ കാര്യം അറിയിച്ചു.
15 മിനിറ്റിനുള്ളില്‍ നടന്നെത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും അവള്‍ എത്തിയില്ല. അച്ഛന്‍ വീട്ടിലേക്കു വിളിച്ചപ്പോള്‍ അവിടെയുമില്ല. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സൂര്യ തിരിച്ചുവന്നില്ല. വീടിനു സമീപത്തുള്ളവര്‍ തൃശൂര്‍, പാലക്കാട് ഭാഗങ്ങളില്‍ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാധാകൃഷ്ണന്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പാലക്കാട്ട് മേഴ്സി കോളജില്‍ ഇംഗ്ലിഷ് ബിരുദ പഠനത്തിന് ചേര്‍ന്ന സൂര്യ ലോക്ഡൗണ്‍ കാരണം ഓണ്‍ലൈനായിരുന്നു പഠനം. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമെ കോളജില്‍ പോയിരുന്നുള്ളൂ.
ആലത്തൂര്‍ മേഖലയിലെ ഒരു സിസിടിവിയില്‍ സൂര്യ നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. പാതയോരത്തു കൂടി ബാഗും തൂക്കി നടന്നു പോകുന്ന സൂര്യയുടെ വിഡിയോ വീട്ടുകാര്‍ തിരിച്ചറിഞ്ഞു. സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. അതിനുശേഷം വിവരങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടത്തിയത്.