കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന് ലഹരി പാര്‍ട്ടി നടത്തിയ ഫ്ളാറ്റുകളില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ മൂന്ന് ഫ്ളാറ്റുകളിലാണ് അന്വേഷണസംഘം റെയ്ഡ് നടത്തിയത്. ഇതിലൊരു ഫ്ളാറ്റ് സൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണ്.
നേരത്തെ സൈജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിവിധയിടങ്ങളിലെ ലഹരിപാര്‍ട്ടികളുടെ ദൃശ്യങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തിരുന്നു. ഈ ദൃശ്യങ്ങളില്‍നിന്നാണ് കൊച്ചിയിലെ ഫ്ളാറ്റുകളിലും പാര്‍ട്ടികള്‍ നടന്നതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ഈ ഫ്ളാറ്റുകളില്‍ ഡോഗ് സ്ക്വാഡിന്റെ അടക്കം സഹായത്തോടെ റെയ്ഡ് നടത്തിയത്.
ഫ്ളാറ്റുകളില്‍ ലഹരിമരുന്നോ മറ്റോ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെടുക്കാനാണ് ഡോഗ് സ്ക്വാഡിന്റെ സഹായം തേടിയത്. മാത്രമല്ല, ഈ ഫ്ളാറ്റുകളില്‍ ആരൊക്കെ വന്നുപോയി, ഇവരുടെ പേരുവിവരങ്ങള്‍ തുടങ്ങിയവയെല്ലാം അന്വേഷണസംഘം ശേഖരിച്ചു. ഇവരെ കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണം നടത്തും.
ആദ്യ ലോക്ഡൗണിന് ശേഷമാണ് കൊച്ചിയിലെ ഫ്ളാറ്റുകളില്‍ സൈജു ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിച്ചതെന്നാണ് അന്വേഷണസംഘം നല്കുന്ന വിവരം. യുവതികളടക്കം ഒട്ടേറെപേര്‍ ഈ പാര്‍ട്ടികളില്‍ പങ്കെടുത്തതായും കണ്ടെത്തിയിരുന്നു. പാര്‍ട്ടികളില്‍ പങ്കെടുത്ത ചില യുവതികളെയും സൈജുവുമായി ചാറ്റ് ചെയ്തിരുന്ന ചില യുവതികളെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫ്ളാറ്റുകളില്‍ പരിശോധന നടത്തിയത്. സൈജുവുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിയിലെ ഹോട്ടലുടമകളായ ദമ്പതിമാരെയും അന്വേഷണസംഘം തിരയുന്നുണ്ട്. ഇതുവരെ ഒമ്പത് കേസുകളാണ് സൈജുവിനെതിരേ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.