കോവിഡിന് ശേഷം ശരീരത്തിൽ വന്നത് വൻമാറ്റം, കണ്ണിന്റെ ആകൃതി തന്നെ മാറി ; റിപ്പോർട്ട് പുറത്ത്

കോവിഡിനെ തുടര്‍ന്ന് മനുഷ്യന്റെ കണ്ണിന്റെ ആകൃതിയില്‍ മാറ്റം വരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇല്ലെങ്കില്‍ വിശ്വസിച്ചേ പറ്റൂ. കോവിഡിനെ തുടര്‍ന്നുണ്ടായ ജീവിതക്രമത്തിലെ മാറ്റങ്ങളാണ് കാഴ്ചയെ ബാധിക്കുന്ന ഈയൊരു ദുരവസ്ഥയിലേക്ക് മനുഷ്യരെ എത്തിച്ചിരിക്കുന്നത്. കോവിഡിന് മുൻപുള്ള കാലത്ത് സ്മാര്‍ട് ഫോണും ഫോണും ലാപ്‌ടോപുമൊക്കെ ഉപയോഗിക്കുന്നതിനേക്കാള്‍ വളരെയധികം കൂടിയിട്ടുണ്ട് ഇപ്പോള്‍. ആ മാറ്റമാണ് നമ്മള്‍ പോലുമറിയാതെ നമ്മുടെ കണ്ണുകളുടെ ആകൃതിയെ പോലും മാറ്റിമറിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കുട്ടികളിലെ നേത്രരോഗവിദഗ്ധനായ ഡോ. ആരോണ്‍ മില്ലര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. ഗാര്‍ഡിയനാണ് ഈ പഠനം വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ വൃത്താകൃതിയിലുള്ള നമ്മുടെ കണ്ണിന്റെ കൃഷ്ണമണിയുടെ ആകൃതിയില്‍ തന്നെ മാറ്റം വരുന്നുവെന്നാണ് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ദീര്‍ഘസമയം സ്മാര്‍ട് ഫോണ്‍, കംപ്യൂട്ടര്‍ സ്‌ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് മസിലുകള്‍ വലിഞ്ഞ് മുറുകാന്‍ കാരണമാകുന്നു. അടുത്ത പ്രതലത്തിലേക്ക് കാഴ്ച ഉറപ്പാക്കുന്നതിനായി കണ്ണിലെ ലെന്‍സിന് നേരിയ തോതില്‍ സ്ഥാനചലനം വരുത്തേണ്ടി വരികയും ഇത് കണ്ണിന്റെ ആകൃതി തന്നെ നീട്ടിവലിക്കുകയും ചെയ്യുന്നു.

ഇത്തരം മാറ്റങ്ങള്‍ മൂലമുണ്ടാവുന്ന ഹ്രസ്വദൃഷ്ടി കണ്ണട ഉപയോഗിക്കുന്നതോടെ സാധാരണ ഗതിയില്‍ പരിഹരിക്കപ്പെടും. എന്നാല്‍ കണ്ണിന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റം മറ്റു പ്രശ്‌നങ്ങളിലേക്കു കൂടി നയിച്ചേക്കാമെന്നും പഠനം പറയുന്നുണ്ട്. കാലം ചെല്ലുമ്പോള്‍ കണ്ണിന്റെ റെറ്റിനയില്‍ വിള്ളലുകള്‍ വീണേക്കാം ഇത് അന്ധതയിലേക്ക് വരെ നയിച്ചേക്കാം. അടുത്തകാലത്തായി കുട്ടികളിലെ ഹ്രസ്വദൃഷ്ടി വര്‍ധിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ഒരു പഠനവും കോവിഡിനെ തുടര്‍ന്നുള്ള ജീവിതശൈലീ മാറ്റത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം ബ്രിട്ടിഷ് ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. കോവിഡിന് ശേഷം സ്‌ക്രീന്‍ നോക്കിയുള്ള പഠനം കുട്ടികളില്‍ വ്യാപകമായതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നായിരുന്നു ഈ പഠനത്തില്‍ പറഞ്ഞിരുന്നത്.

ആറ് വയസിനും എട്ട് വയസിനും ഇടയിലുള്ള കുട്ടികളുടെ രണ്ട് സംഘങ്ങളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. കോവിഡ് 19 ആരംഭിക്കുന്നതിന് മുൻപായിരുന്നു ഇതില്‍ ആദ്യ സംഘത്തില്‍ (ആകെ 709 കുട്ടികള്‍) നിന്നും വിവരശേഖരണം നടത്തിയത്. രണ്ടാം സംഘത്തില്‍ (1,084 കുട്ടികള്‍) നിന്നും സമാനമായ വിവരശേഖരണം കോവിഡിന് ശേഷം നടത്തി. സാധാരണ നേത്ര പരിശോധനാ സര്‍വേകളിലെ ചോദ്യങ്ങള്‍ക്കൊപ്പം വീടിനകത്തും പുറത്തും കഴിയുന്ന ശരാശരി സമയവും മറ്റു ജീവിത ശൈലികളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി.

കോവിഡിന് മുൻപ് നടത്തിയ സര്‍വേയില്‍ ദിവസം ശരാശരി 1.27 മണിക്കൂറാണ് വീടുകള്‍ക്കും സ്‌കൂളിനും പുറത്ത് കഴിഞ്ഞിരുന്നതെങ്കില്‍ കോവിഡിന് ശേഷം ഇത് 0.90 മണിക്കൂറായി കുറഞ്ഞു. ഇതിന്റെ മറുവശമെന്നോണം സ്മാര്‍ട് ഫോണ്‍, കംപ്യൂട്ടര്‍ നോക്കുന്ന സ്‌ക്രീന്‍ സമയം 2.45 മണിക്കൂറില്‍ നിന്നും 6.89 മണിക്കൂറായി കുതിച്ചുയരുകയും ചെയ്തു. കോവിഡിന് മുൻപ് സ്‌കൂള്‍ കുട്ടികളിലെ ഹ്രസ്വദൃഷ്ടി 19.44 ശതമാനമായിരുന്നത് കോവിഡാനന്തരം 36.57 ശതമാനമായി കുത്തനെ ഉയര്‍ന്നുവെന്നതും ആശങ്കപ്പെടുത്തുന്നതാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7