ഐജി ജി. ലക്ഷ്മണിന് സസ്‌പെന്‍ഷന്‍; മോണ്‍സണുമായി വഴിവിട്ട ഇടപാടെന്ന് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഐജി ജി ലക്ഷ്മണയെ(ഗോകുലത്ത് ലക്ഷ്മണ)സസ്‌പെന്റ് ചെയ്തു. പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ ഐജിയെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി ഒപ്പിട്ടു.

മോന്‍സണെതിരേ ചേര്‍ത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് വീണ്ടും ലോക്കല്‍ പോലീസിനുതന്നെ കൈമാറുന്നതിനായി ലക്ഷ്മണ്‍ ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. കേസുകള്‍ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോന്‍സണ്‍ അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

മോണ്‍സണെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ഇടപെട്ടു, ഔദ്യോഗിക വാഹനത്തില്‍ പലതവണ തിരുവനന്തപുരത്ത് നിന്ന് ഐജി ലക്ഷ്മണ മോണ്‍സന്റെ വസതിയില്‍ എത്തി എന്നും കണ്ടെത്തിയിരുന്നു.

ഇതിനിടെ മോന്‍സണ്‍ മാവുങ്കലുമായുള്ള ഐജി ലക്ഷമണയുടെ ഇടപാടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. പുരാവസ്തു വില്‍പ്പനയില്‍ ഐജി ലക്ഷ്മണ ഇടനിലക്കാരനായിരുന്നെന്ന് സംശയിക്കുന്ന തെളിവുകളാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്‌.

ഐജി ലക്ഷമണയും മോന്‍സന്റെ മാനേജരടക്കമുള്ളവരുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങളും ഇന്ന് പുറത്തുവന്നു. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയും ഇതില്‍ ഇടപെട്ടിട്ടുണ്ട്. മോന്‍സന്റെ കൈവശമുണ്ടായിരുന്ന ഖുറാനും ബൈബിളും പുരാവസ്തു എന്ന പേരില്‍ വില്‍പ്പന നടത്താനും പദ്ധതിയിട്ടിരുന്നു.

ട്രാഫിക് ഐജി ആയ ജി ലക്ഷ്മണയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോന്‍സന്റെ പുരാവസ്തു വില്‍പ്പനയിലും തട്ടിപ്പിലുമടക്കം ലക്ഷ്മണയ്ക്ക് നിര്‍ണായകമായ പങ്കുണ്ട് എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി ശുപാര്‍ശ.

മോന്‍സണ്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് വരെ വില്‍പനകളില്‍ ലക്ഷ്മണ ഇടപെട്ടിരുന്നതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7