തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണത്തിലായിട്ടും കേരളത്തിൽ കാര്യമായ കുറവുണ്ടാകാത്തതിനെക്കുറിച്ചു പഠനം വേണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു. വ്യാഴാഴ്ച രാജ്യത്തു കോവിഡ് സ്ഥിരീകരിച്ച 15,786 പേരിൽ 8733 പേരും കേരളത്തിലായിരുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് മരണത്തിൽ 40 % കേരളത്തിലാണ്. കോവിഡ് ബാധിച്ചാലും നില വഷളാകാത്തതും മരണനിരക്ക് അൽപം കുറയുന്നതും മാത്രമാണ് ആശ്വാസം. പോസിറ്റീവായവരിൽ 9.9% പേരെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. അതിനാൽ ഭീതിജനകമായ സാഹചര്യമില്ല.
ഐസിഎംആർ സിറോ സർവേ പ്രകാരം ഇവിടെ 44% പേരിൽ മാത്രമേ ആന്റിബോഡിയായിട്ടുള്ളൂവെന്നും അതിനാലാണു കേസുകൾ വർധിക്കുന്നതെന്നും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വ്യാപനത്തിനു കാരണമായി മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ കേരളം സ്വന്തം നിലയ്ക്കു നടത്തിയ സർവേയിൽ 82 % പേരിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. വാക്സീൻ സ്വീകരിക്കാത്തവരിൽ 70 % പേരിലും ആന്റിബോഡിയുണ്ടെന്നും വ്യക്തമായി.
വാക്സീൻ ആദ്യ ഡോസ് 94.17 % പേർക്കും രണ്ടാം ഡോസ് 47.03 % പേർക്കും നൽകി. എന്നിട്ടും കേസുകൾ വർധിക്കുന്നതിലാണ് ആശങ്ക. വൈറസുകൾക്കു രൂപാന്തരം സംഭവിച്ചോയെന്നു പരിശോധിക്കണമെന്നും കാരണം കണ്ടെത്തി പ്രതിരോധതന്ത്രം മാറ്റിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
കോവിഡ് വന്നവർക്കും വാക്സീൻ എടുത്തവർക്കും വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നതു സംബന്ധിച്ചു ജനിതക പഠനം നടത്തണമെന്ന് ഓഗസ്റ്റ് 21നു കേന്ദ്ര സർക്കാർ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയിരുന്നു. ഇത്തരം കേസുകളും കേരളത്തിൽ കൂടുതലാണ്. എന്നാൽ പഠനം നടത്തിയിട്ടുണ്ടോ, അതിന്റെ ഫലം എന്താണ് എന്നീ വിവരങ്ങൾ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
82% പേരിലും കോവിഡ് ആന്റിബോഡിയുണ്ടെന്ന സിറോ സർവേ ഫലം ഗൗരവമായി എടുക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആന്റിബോഡിയുണ്ടെങ്കിലും അതിനു വൈറസിനെ പ്രതിരോധിക്കാൻ കരുത്തുണ്ടാകണമെന്നില്ല. സമ്പൂർണ വാക്സിനേഷൻ മാത്രമാണു പരിഹാരം.
പരമാവധി പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകാനാണു സർക്കാർ ശ്രമിക്കുന്നത്. ആദ്യഡോസ് സ്വീകരിച്ച് ഒരു മാസം കഴിഞ്ഞേ പ്രതിരോധശേഷിയാകൂ. മാത്രമല്ല, മുടങ്ങാതെ രണ്ടാം ഡോസ് എടുക്കുകയും വേണം. ആദ്യ ഡോസ് ലഭിച്ചവരിൽ പകുതി പേർക്കാണ് ഇതുവരെ രണ്ടാം ഡോസ് നൽകിയത്.
കേന്ദ്ര തീരുമാനം അനുസരിച്ച് 75% പേർക്കു മാത്രമേ സൗജന്യ വാക്സീൻ നൽകൂ. ഭേദപ്പെട്ട ജീവിതപശ്ചാത്തലമുള്ളവർ വേഗം വാക്സീനെടുക്കും. സാധാരണക്കാർ വില കൊടുത്തു വാക്സീൻ വാങ്ങേണ്ട സാഹചര്യമുണ്ടാകാൻ സാധ്യതയുണ്ട്. അതനുസരിച്ചുള്ള സമീപനവും വേണമെന്നാണു വിദഗ്ധരുടെ നിർദേശം.