സ്വര്‍ണക്കടത്ത്: കൊടുവള്ളി സ്വദേശി സൂഫിയാന്‍ കസ്റ്റഡിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യആസൂത്രകരില്‍ ഒരാളായ കൊടുവള്ളി സ്വദേശി സൂഫിയാന്‍ പോലീസിന്റെ കസ്റ്റഡിയില്‍. കൊണ്ടോട്ടി ഡി.വൈ.എസ്.പി ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. സൂഫിയാന്റെ സഹോദരന്‍ ഫിജാസിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

കരിപ്പൂരിലും രാമനാട്ടുകരയിലെ അപകട സ്ഥലത്തും സൂഫിയാന്‍ എത്തിയിരുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കരിപ്പൂരില്‍ സ്വര്‍ണം എത്തിക്കുന്ന കാരിയര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് ചെറുപ്പുളശേരിയില്‍ നിന്ന് മൂന്ന് വാഹനത്തില്‍ 15 അംഗ ക്വട്ടേഷന്‍ സംഘം എത്തിയത് സൂഫിയാന്റെ നേതൃത്വത്തിലായിരുന്നു . അര്‍ജുന്‍ ആയങ്കി സ്വര്‍ണം തട്ടിക്കൊണ്ടുപോകുന്നത് പതിവായതോടെയാണ് ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത്. കൊടുവള്ളി സംഘത്തെ ഏകോപിപ്പിച്ചിരുന്നത് സൂഫിയാനായിരുന്നു

ദുബായില്‍ നിന്ന് നൂറുകണക്കിന് കിലോ സ്വര്‍ണമാണ് ഓരോ വര്‍ഷവും കരിപ്പൂരില്‍ എത്തുന്നത്. ഇതിനു പിന്നില്‍ പ്രധാനമായും കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ്. നേരത്തെ ഒട്ടേറെ തവണ സ്വര്‍ണക്കടത്ത് കേസുകളില്‍ സൂഫിയാന്‍ പ്രതിയാണ്. കൊഫേപോസ വരെ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നുവെങ്കിലും അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടിരുന്നു.

കാരിയര്‍മാരെ വിദേശത്തുപോയി റിക്രൂട്ട് ചെയ്യുന്നതിനും അവര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിനും നൂറുകണക്കിന് ആളുകളാണ് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ദുബായ് കേന്ദ്രീകരിച്ച് പ്രത്യേക ഓഫീസ് വരെ ഇവര്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

അര്‍ജുന്‍ വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിപ്പോയതോടെ, കാരിയറുമായി കടന്നതാണെന്ന് കരുതിയാണ് കൊടുവള്ളി സംഘം പിന്തുടര്‍ന്നത്. എന്നാല്‍ രാമനാട്ടുകരയില്‍ അപകടം നടന്നതോടെയാണ് കാരിയറായി വന്നയാള്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായതെന്ന് വ്യക്തമായതും സംഘം കടന്നുകളഞ്ഞതും

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7