ലോകം ഒന്നടങ്കം കോവിഡ്–19 മഹാമാരിയുടെ രണ്ടാം വരവിന്റെ പ്രതിസന്ധി നേരിടുകയാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങളാണ് ഇന്ത്യയ്ക്ക് ഭീഷണിയായിരിക്കുന്നത്. പുതിയ വകഭേദം അതിവേഗമാണ് പടരുന്നത്. ഇതിനിടെ എങ്ങനെയാണ് കോവിഡ് -19 വ്യാപിക്കുന്നത് എന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ പരിഷ്കരിച്ച റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് കോവിഡ്–19 ന്റെ പുതിയ വകഭേദം അടച്ചിട്ട റൂമുകളിൽ വായുവിലൂടെ വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ്.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കോവിഡ് -19 ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ട് 13 മാസമായി. ഇതിനിടെ ആദ്യമായാണ് കോവിഡ് വൈറസ് വായുവിലൂടെ പകരാമെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നത്. എന്നാൽ, കോവിഡ് -19 ന് കാരണമായ സാർസ്-കോവ്-2 നെ കുറിച്ച് ശാസ്ത്ര സമൂഹത്തിന് ഇപ്പോഴും പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. കോവിഡ് -19 ഇപ്പോഴും ഒരു അദൃശ്യ ശത്രുവാണ്. ഇതിന്റെ ഓരോ വേരിയന്റും മിക്ക രാജ്യങ്ങളിലും വൻ തലവേദയാണ് സൃഷ്ടിക്കുന്നത്. സാർസ്-കോവ്-2 ന്റെ ഓരോ പുതിയ വകഭേദവും മുൻപത്തേതിനേക്കാൾ കൂടുതൽ പകർച്ചവ്യാധിയാണെന്നും കണ്ടെത്തിയിരിക്കുന്നു
കൊറോണ വൈറസ് വായുവിലൂടെ വ്യാപിക്കാമെന്ന് നേരത്തെയും നിരവധി ശാസ്ത്രജ്ഞർ വാദിച്ചിരുന്നു. ഈ വർഷം ഏപ്രിലിൽ ദി ലാൻസെറ്റിൽ ഇത് സംബന്ധിച്ച് ഒരു പഠനറിപ്പോർട്ട് തന്നെ പുറത്തുവന്നിരുന്നു. കോവിഡ് -19 വ്യാപനത്തിൽ വായുസഞ്ചാര സ്വഭാവം കണക്കിലെടുത്ത് വ്യാപന സാധ്യത കുറയ്ക്കുന്നതിനെക്കുറിച്ച് യുഎസിൽ പഠനം നടന്നിരുന്നു. ഈ പഠന റിപ്പോർട്ട് പ്രകാരം സാമൂഹ്യ അകലം പാലിക്കാനുള്ള ആറടി നിയമം ഇനി സാധുവായിരിക്കില്ല എന്നാണ് പറയുന്നത്. ഇതോടെയാണ് ഏപ്രിൽ 30 ന് ലോകാരോഗ്യ സംഘടനയും കോവിഡ് -19 വായുവിലൂടെ പകർന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകിയത്.
ഇൻഡോർ, വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ സ്ഥലങ്ങളിൽ കോവിഡ് -19 വായുവിലൂടെ പകരാനുള്ള സാധ്യതയാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ നേരത്തെ തന്നെ ഇത് സംബന്ധിച്ച് മുൻകരുതൽ വേണമെന്ന് നിർദേശം നൽകിയിരുന്നു. രോഗം ബാധിച്ച ആരെങ്കിലും വീട്ടിൽ ഉണ്ടെങ്കിലോ, ഒരു പ്രദേശത്ത് നിരവധി ആളുകൾക്ക് രോഗം ഉണ്ടെങ്കിലോ വീടിനുള്ളിൽ പോലും മാസ്ക് ധരിക്കാൻ കേന്ദ്രസർക്കാരിന്റെ കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് നിർദേശിക്കുന്നുണ്ട്.