കോവിഡ് രണ്ടാം തരംഗം: അതിഥിത്തൊഴിലാളികളുടെ മടക്കം കൂട്ടത്തോടെ…

വാളയാർ (പാലക്കാട്) • കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു. ലോക്ഡൗൺ വരുമെന്ന ഭയം മൂലമാണ് ഇവർ നാട്ടിലേക്കു പോവുന്നത്. ട്രെയിനുകൾ കുറവായതിനാൽ ദീർഘദൂര സ്വകാര്യ ബസുകളിലാണു ഇവർ അതിർത്തി കടക്കുന്നത്. ഏജന്റുമാരുടെ സഹായത്തോടെയാണു പാസും ടിക്കറ്റും സംഘടിപ്പിക്കുന്നത്.

തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്ന കാഴ്ചയാണ് ഇന്നലെ മുതൽ വാളയാർ അതിർത്തിയിൽ കാണുന്നത്. നിയന്ത്രണങ്ങൾക്കിടയിലും പ്രവർത്തിക്കുന്ന തൊഴിൽ സ്ഥാപനങ്ങൾ ഇതോടെ നിശ്ചലമാകുമെന്ന ആശങ്ക വ്യവസായമേഖലയിലുണ്ട്. രോഗത്തെക്കാൾ തൊഴിലാളികൾ ഭയക്കുന്നതു ജോലിയും പണവുമില്ലാതെ ഒറ്റപ്പെട്ടു പോകുമെന്ന അവസ്ഥയാണ്.

വ്യവസായമേഖലയ്ക്ക് ആശങ്ക

കഞ്ചിക്കോട് :രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ വ്യവസായമേഖലയ്ക്ക് ആശങ്ക. പല വ്യവസായ സ്ഥാപനങ്ങളും ഇപ്പോൾ രാത്രിയും പകലും പ്രവർത്തിച്ചാണു വലിയ നഷ്ടമില്ലാതെ മുന്നോട്ടു പോവുന്നത്.രാത്രി വ്യവസായമേഖലയ്ക്ക് ഇളവു നൽകിയിട്ടില്ല. ഇതോടെ ജോലി നഷ്ടമാകുമെന്ന ആശങ്കയിൽ പല അതിഥിത്തൊഴിലാളികളും നാട്ടിലേക്കു മടങ്ങുന്ന സ്ഥിതിയാണെന്നു
മാനേജ്മെന്റുകൾ പറയുന്നു. ഇതോടൊപ്പം, സംസ്ഥാന അതിർത്തിയിലെ നിയന്ത്രണത്തിൽ കോയമ്പത്തൂർ–കഞ്ചിക്കോട് വ്യവസായമേഖലകളെ ബന്ധിപ്പിച്ചുള്ള വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനവും നിലച്ചു. ഇരു വ്യവസായ മേഖലയിലുള്ളവർക്കും യാത്രയ്ക്കും ചരക്കു ഗതാഗതത്തിനും സാധ്യമല്ലാതായി. വ്യവസായ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ടു ജില്ല കലക്ടറെ നേരിൽ കാണുമെന്നു കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം അറിയിച്ചു.

വലയുന്നത് തൊഴിലാളികൾ
വാളയാർ : അതിർത്തിയിലെ നിയന്ത്രണത്തിൽ കൂടുതൽ വലയുന്നതു സ്വന്തമായി വാഹനമില്ലാത്തവരും സാധാരണ തൊഴിലാളികളും. സംസ്ഥാന അതിർത്തി കടന്നു ജോലിചെയ്യുന്ന ആയിരക്കണക്കിനു തൊഴിലാളികളാണു ദുരിതത്തിലായത്.തമിഴ്നാട് അതിർത്തിയിൽ കേരള ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന നൂറു കണക്കിനു പേരുണ്ട്. ഇവർക്കും പാസും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വേണമെന്നാണു നിബന്ധന. ഇതോടെ പലർക്കും തൊഴിൽ ചെയ്യാനാവാതെ അന്നം മുടങ്ങുന്ന സ്ഥിതിയാണുള്ളത്. കോയമ്പത്തൂർ വ്യവസായമേഖലയിൽ ജോലിയുള്ള ആയിരക്കണക്കിനു തൊഴിലാളികളും ആശങ്കയിലാണ്.

• ചെക്പോസ്റ്റുകളോടു ചേർന്ന് ബോർഡർ ഫെസിലിറ്റേഷൻ സെന്ററുകൾ വേണം.
• ആർടിപിസിആർ ടെസ്റ്റിങ്‌ കിയോസ്‌കുകൾ സ്ഥാപിക്കണം.
• സ്വന്തം വാഹനങ്ങളില്ലാത്ത സാധാരണക്കാർക്കായി അതിർത്തിയിലെ പരിശോധനാ കേന്ദ്രത്തിൽ ശുദ്ധജല സൗകര്യമൊരുക്കണം.
• പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കു ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കണം.
• ഡ്യൂട്ടിയിലുള്ള സ്ത്രീ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കു ശുചിമുറി വേണം.

കേരളത്തിലേക്കു വരാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്,റജിസ്ട്രേഷൻ നിർബന്ധം

പാലക്കാട് : ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത ശേഷം 48 മണിക്കൂറിനു മുൻപു ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. 500 എംബിയിൽ താഴെ വരുന്ന പിഡിഎഫ്/ ജെപെഗ്/ പിഎൻജി ഫോർമാറ്റിലുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

റജിസ്ട്രേഷൻ ഇങ്ങനെ

https://covid19jagratha.kerala.nic.in എന്ന വെബ്‌സൈറ്റിൽ സിറ്റിസൺ (Citizen) ഭാഗത്തു ക്ലിക്ക് ചെയ്തു വിസിറ്റേഴ്സ് എൻട്രി (Visitor’s entry)യിലെ ഡൊമസ്റ്റിക് എൻട്രി (Domestic entry) തിരഞ്ഞെടുക്കണം. തുടർന്നു വരുന്ന പേജിൽ New registration in covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകി വെരിഫൈ ചെയ്യണം. സ്‌ക്രീനിൽ വരുന്ന കാപ്ച കോഡ് എന്റർ ചെയ്താൽ മൊബൈൽ നമ്പറിൽ ഒടിപി വരും. ഇതു നൽകി വെരിഫൈ ചെയ്യുക. പേര്, ജനനത്തീയതി, ഐഡി നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണം. മൊബൈൽ നമ്പറിലേക്ക് റജിസ്ട്രേഷൻ വിവരങ്ങൾ സന്ദേശമായി ലഭിക്കും. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു പാസ് ഡൗൺലോഡ് ചെയ്യാം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7