ഇന്ത്യ-ഇംഗ്ലണ്ട്‌ ട്വന്റി 20: അവസാന മത്സരം ഇന്ന്‌

അഹമ്മദാബാദ്‌: ഇന്ത്യ-ഇംഗ്ലണ്ട്‌ ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പരയിലെ അവസാന മത്സരം ഇന്ന്‌. ഇരുടീമും രണ്ടു കളികളില്‍ ജയിച്ച്‌ തുല്യത പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം അക്ഷരാര്‍ഥത്തില്‍ ഫൈനലാണ്‌. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്നു രാത്രി ഏഴിനു നടക്കുന്ന മത്സരം സ്‌റ്റാര്‍ ക്രിക്കറ്റില്‍ തല്‍സമയം കാണാം.

ആദ്യ ടി20 എട്ടുവിക്കറ്റിന്‌ ഇംഗ്ലണ്ട്‌ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഏഴു വിക്കറ്റിന്‌ ഇന്ത്യ കൈപ്പിടിയിലാക്കി.
മൂന്നാം മത്സരം എട്ടുവിക്കറ്റിന്‌ ഇംഗ്ലണ്ട്‌ വരുതിയിലാക്കിയെങ്കിലും നിര്‍ണായകമായ നാലാമങ്കം ഇന്ത്യ എട്ടു റണ്ണിന്‌ ജയിച്ച്‌ പരമ്പര സമനിലയിലെത്തിച്ചു.

പരമ്പര കൈവിടുമെന്ന ഘട്ടത്തില്‍ കഴിഞ്ഞ മത്സരത്തില്‍ വീറോടെ ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്‌. അവസാന മത്സരത്തിലെ ടീമിനെ വിരാട്‌ കോഹ്ലി അതേപടി നിലനിര്‍ത്തുമോയെന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌. ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കെ.എല്‍. രാഹുലിന്‌ ഒരവസരംകൂടി നല്‍കിയാല്‍ വിമര്‍ശകര്‍ക്ക്‌ ആയുധം നല്‍കലാകും. യുവതാരം ഇഷാന്‍ കിഷനെ രോഹിത്തിനൊപ്പം ഇന്ന്‌ ഓപ്പണറായിറക്കാന്‍ സാധ്യതയേറെ.

കഴിഞ്ഞ കളിയില്‍ 31 പന്തില്‍ 57 റണ്ണുമായി തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവ്‌ സ്‌ഥാനമുറപ്പിച്ചു കഴിഞ്ഞു. സ്‌പിന്‍ വിഭാഗത്തില്‍ രാഹുല്‍ ചാഹറും ക്യാപ്‌റ്റന്റെ വിശ്വാസം കാത്തു. പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഫോം വീണ്ടെടുത്തത്‌ ഇന്ത്യയുടെ ആത്മവിശ്വാസമേറ്റുന്നു. മറുതലയ്‌ക്കല്‍ അവസാന മത്സരത്തില്‍ ആതിഥേയരെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്‌ ഒയിന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ്‌ പട.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7