ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം വ്യവസായത്തെ സ്വയംപര്യാപ്തിയിലെത്തിക്കാന് വമ്പന്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങളുടെ വിതരണമാണ് പാക്കെജിന്റെ ലക്ഷ്യം. ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി നടപ്പിലാക്കിത്തുടങ്ങും.
ടെലികോം മേഖലയ്ക്കായി 12,195 കോടി രൂപയുടെ പാക്കെജിനാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതിലൂടെ അഞ്ച് വര്‍ഷം കൊണ്ട് മൊബൈലുകള്‍ അടക്കമുള്ള ടെലികോം ഉപകരണങ്ങളുടെ നിര്‍മാണം ഊര്‍ജ്ജിതമാക്കും. മൊബൈല്‍ ഉപകരണങ്ങളുടെയും ഘടകങ്ങളുടെയും ആഭ്യന്തര ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സംപ്രേക്ഷണ ഉപകരണങ്ങള്‍, 4ജി, 5ജി, റേഡിയോ, നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സ്വന്തം കാലില്‍ നില്ക്കാന് ധനസഹായ പദ്ധതി ഇന്ത്യന്‍ കമ്പനികളെ തുണയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മൊബൈല്‍ ഉല്‍പ്പാദന മേഖലയില്‍ ഒരു ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും മൂന്ന് ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.