ന്യൂഡല്‍ഹി: രണ്ടാം ഘട്ടത്തിലും കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്‌തേക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധനനാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
അമ്പത് വയസിനു മുകളിലുള്ളവരെയാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിനേഷന് വിധേയമാക്കുന്നത്. വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നത് തുടരുന്നതിനുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. തത്കാലം വാക്‌സിന്‍ സ്വകാര്യ വിപണിയില്‍ എത്തിക്കുകയുമില്ല. വാക്‌സിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യാജ പതിപ്പുകള്‍ വന്നാല്‍ രാജ്യവ്യാപക വാക്‌സിനേഷനെ അതു പിന്നോട്ടടിക്കും.
ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ മൂന്നാം ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കാത്ത ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനോട് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ മുഖംതിരിച്ചത് ആശങ്ക പടര്‍ത്തി. ജനുവരി മധ്യത്തില്‍ ആരംഭിച്ച വാക്‌സിന്‍ വിതരണത്തിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയവുമായിരുന്നു. എന്നാല്‍ ഏറെപേര്‍ ഇനിയും രണ്ടാം ഡോസ് സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.