ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ട സന്ദര്‍ശിക്കും. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി കലാപ സമാനമായ അക്രമത്തില്‍ കലാശിച്ചിരുന്നു.
ഉച്ചയോടെ ചെങ്കോട്ടയിലെത്തുന്ന അമിത് ഷാ നാശനഷ്ടങ്ങള്‍ വിലയിരുത്തുമെന്നാണ് അറിയുന്നത്. പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലുള്ള പൊലീസുകാരെയും അദ്ദേഹം കാണും. അതേസമയം, ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പൂരിലെ സമര കേന്ദ്രത്തില്‍ നിന്ന് പ്രക്ഷോഭകര്‍ ഒഴിഞ്ഞുപോകണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ഇതിന് പിന്നാലെ ഗാസിപ്പൂരിലെ സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി അധികൃതര്‍ വിച്ഛേദിക്കുകയും ചെയ്തു.