ശശികല ചികിത്സയ്ക്കായി ബംഗളൂരുവില്‍ തുടരും

ബംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസിലെ തടവുശിക്ഷയ്ക്കുശേഷം ജയില്‍ മോചിതയായ മുന്‍ എഐഎഡിഎംകെ നേതാവ് വി.കെ. ശശികല വരുംദിവസങ്ങളിലും ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ തുടരും. കോവിഡ് ബാധിച്ച ശശികല തത്കാലം ചെന്നൈയിലേക്ക് മടങ്ങില്ലെന്നാണ് വിവരം. രണ്ടുമൂന്നു ദിവസത്തേക്ക് ശശികലയെ ഡിസ്ചാര്‍ജ് ചെയ്യേണ്ടെന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം എന്നറിയുന്നു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴിയായ ശശികല ഇന്ന് രാവിലെയോടെയാണ് ജയില്‍ മോചിതയായത്. അവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

1991-96 കാലഘട്ടത്തില്‍ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നകേസില്‍ 2017 മുതലാണ് ശശികല തടവുശിക്ഷ അനുഭവിച്ചത്. പ്രധാനപ്രതിയായ ജയലളിത 2016ല്‍ മരിച്ചിരുന്നു. ശശികലയ്ക്ക് നാലുവര്‍ഷം അവര്‍ക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ ജയില്‍മോചിതയായ ശശികലയുടെ ഭാവി പദ്ധതികള്‍ എന്താവുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7