ബെയ്ജിങ് : വാക്സീൻ കുത്തിവയ്പെടുത്ത് കോവിഡ് മഹാമാരിക്കെതിരെ ലോകം പ്രതിരോധം തീർക്കുന്ന വേളയിൽ വീണ്ടും ചൈനയിൽനിന്ന് ആശങ്കപ്പെടുത്തുന്ന വാർത്ത. ഐസ്ക്രീമിൽ കൊറോണ വൈറസ് കണ്ടെത്തിയെന്നാണു റിപ്പോർട്ട്. കിഴക്കൻ ചൈനയിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ബാച്ചിലെ ഐസ്ക്രീമുകളെല്ലാം തിരിച്ചുവിളിക്കാൻ തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ബെയ്ജിങ്ങിനു സമീപമുള്ള ടിയാൻജിനിലെ ദ് ഡക്കിയോഡാവോ ഫുഡ് കോർപറേഷൻ ലിമിറ്റഡിൽ വൈറസിനെ കണ്ടെത്തിയതോടെ സ്ഥാപനം പൂട്ടി. ഇവിടെയുള്ള ജീവനക്കാരിൽ നടത്തിയ പരിശോധനയിൽ നിരവധിപേർ കോവിഡ് പോസിറ്റീവായി. വൈറസ് കണ്ടെത്തിയ ഐസ്ക്രീം ബാച്ചിലെ 29,000 പെട്ടികളിൽ 390 എണ്ണത്തിലെ ഐസ്ക്രീം ടിയാൻജിനിൽ വിറ്റിട്ടുണ്ട്. കൂടുതലും വിൽപന നടത്തിയിട്ടില്ലെന്നും അവ തിരിച്ചുവിളിക്കാൻ ഏർപ്പാടു ചെയ്തെന്നും സർക്കാർ വ്യക്തമാക്കി.
2019ൽ വുഹാനിലാണു കോവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ടതെങ്കിലും അതു വിദേശത്തുനിന്നു വന്നതാണ് എന്നായിരുന്നു ചൈനയുടെ നിലപാട്. ഇപ്പോൾ ഐസ്ക്രീമിൽ വൈറസ് കണ്ടെത്തിയപ്പോഴും ഇതേ നിലപാട് തന്നെയാണുള്ളതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഐസ്ക്രീമിനുള്ള പാൽപ്പൊടിയും മറ്റും ന്യൂസിലൻഡിൽനിന്നും യുക്രെയ്നിൽനിന്നും ഇറക്കുമതി ചെയ്തതാണ്. നേരത്തെ, ഇറക്കുമതി ചെയ്ത മത്സ്യത്തിലും ഭക്ഷണത്തിലും കൊറോണ വൈറസിനെ കണ്ടതായി ചൈന പറഞ്ഞിരുന്നു.