ആലപ്പുഴ: ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽവരുന്ന റേഷൻകാർഡുടമകൾക്ക് നൽകാൻ കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യ പയറുവർഗങ്ങൾ സംസ്ഥാനം വകമാറ്റി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതിയിൽ ലഭിച്ച കടലയും പയറുമാണ് വകമാറ്റിയത്.
സംസ്ഥാന സർക്കാർ വിതരണംചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റിൽ പയറിനും കടലയ്ക്കും ക്ഷാമംവന്നപ്പോഴായിരുന്നു ഇത്. അതോടെ കേന്ദ്രപദ്ധതിയിലെ വിതരണം പലയിടങ്ങളിലും താറുമാറായി. നവംബർമാസം വിതരണംചെയ്യേണ്ട പയറുവർഗങ്ങൾ ജനുവരിയായിട്ടും കാർഡുടമകളിൽ ഭൂരിഭാഗത്തിനും ലഭിച്ചിട്ടില്ല. നവംബർവരെയേ ഈ പദ്ധതിയുണ്ടായിരുന്നുള്ളൂ.
ഡിസംബർ അവസാനത്തോടെ മാത്രമാണ് റേഷൻകടകളിൽ കടലയും പയറുമെത്തിയത്. ചില റേഷൻകടകളിൽ ശനിയാഴ്ചയോടെയാണ് പയറുവർഗങ്ങൾ ലഭ്യമാക്കിയത്. പ്രതീക്ഷിച്ച സമയത്ത് സപ്ലൈകോയ്ക്ക് വിതരണക്കാർ സാധനങ്ങൾ എത്തിക്കാതിരുന്നതാണ് വിതരണം ഇത്രയും വൈകാൻ കാരണം.
എ.എ.വൈ. (മഞ്ഞ), മുൻഗണന (പിങ്ക്) കാർഡുടമകൾക്കാണ് കോവിഡുകാലത്ത് കേന്ദ്രം പയറുവർഗങ്ങൾ അനുവദിച്ചത്. പ്രതിമാസം കാർഡൊന്നിന് ഒരുകിലോ കടലയോ പയറോ നൽകുന്നതായിരുന്നു പദ്ധതി. ഓരോ മാസത്തെയും വിഹിതം മുൻകൂറായി കേന്ദ്രം സംസ്ഥാനത്തിനു നൽകുകയുംചെയ്തു.
സപ്ലൈകോ ഏറ്റെടുത്താണ് റേഷൻകടകളിലൂടെ വിതരണംചെയ്യാനായി ഇവ എത്തിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് തയ്യാറാക്കലും സപ്ലൈകോയ്ക്കായിരുന്നു. ഇതാണ് കേന്ദ്രവിഹിതം വകമാറ്റുന്നതിലേക്കു നയിച്ചത്. 38 ലക്ഷം കാർഡുടമകൾക്കാണ് സംസ്ഥാനത്ത് സൗജന്യ പയറുവർഗങ്ങൾക്ക് അർഹതയുള്ളത്.