തിരുവനന്തപുരം: അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് തിരികെ എടുക്കരുതെന്ന് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കവേ പൊള്ളലേറ്റ് മരിച്ച ദമ്പതിമാരുടെ മക്കൾ. അച്ഛനും അമ്മയും ഉറങ്ങുന്ന ഈ മണ്ണിൽ തന്നെ ജീവിക്കണമെന്നും തങ്ങളെ കള്ളക്കേസിൽ കുടക്കുമോയെന്ന് ഭയമുണ്ടെന്നും മക്കളായ രാഹുലും രഞ്ജിത്തും പറഞ്ഞു. പോലീസിനെതിരെ കുടൂതൽ ആരോപണവുമായി രംഗത്തെത്തിയ ഇവർ പരാതി നൽകാനൊരുങ്ങുകയാണ്. ഇവരുടെ അമ്മ അമ്പിളിയുടെ സംസ്കാരം വീട്ടുവളപ്പിൽ ഇന്ന് നടത്തും. രാജനെ വീട്ടുവളപ്പിൽ സംസ്കരിക്കുന്നത് തടയാൻ പോലീസ് ശ്രമിച്ചെങ്കിലും കുട്ടികൾ ശക്തമായി ചെറുത്തതോടെ പോലീസ് പിൻവാങ്ങുകയായിരുന്നു.
രാജൻ ആത്മഹത്യാ ഭീഷണി മുഴക്കി നിൽക്കുമ്പോഴെങ്കിലും പോലീസിന് പിന്തിരിയാമായിരുന്നു പകരം കൂടുതൽ പ്രകോപിക്കുന്ന സമീപനമാണ് ഉണ്ടായതെന്നും ഇതാണ് ദുരന്തത്തിൽ കലാശിച്ചതെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
സ്വന്തമായി വീടും വസ്തുവും ഇല്ലാത്ത രാജനും കുടുംബവും ഒഴിഞ്ഞുകിടന്ന പുറംമ്പോക്ക് ഭൂമിയിൽ വീട് കെട്ടിതാമസിക്കുകയായിരുന്നു. ഈ ഭൂമി ലക്ഷ്യം വെച്ച് അയൽവാസിയായി യുവതി പരാതി നൽകിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ യുവതിയ്ക്കും ഭൂമിയിൽ അവകാശമൊന്നുമില്ല. അതിനാൽ തന്നെ പരാതിപ്പെടാൻ അർഹതയും ഉണ്ടായിരുന്നില്ല. കോവിഡിന്റെ പശ്ചത്തലത്തിലാണ് കോടതി നടപടികൾ പുരോഗമിച്ചത്. രാജനും കുടുബവും വക്കീലിനെ നിയോഗിച്ചിരുന്നെങ്കിലും ഇദ്ദേഹവും നടപടികളെക്കുറിച്ച് കുടുംബത്തെ അറിയിച്ചിരുന്നില്ല. പോലീസ് യുവതിയുടെ സ്വാധീനത്തിന് വഴങ്ങിയെന്നും സാവകാശം നൽകാൻ കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ട് പോലും ഇത് മറികടന്നാണ് പോലീസ് നടപടികളുമായി മുന്നോട്ട് നീങ്ങിയതെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. പോലീസ് ഇവരെ കുടിയൊഴിപ്പിക്കാൻ എത്തിയപ്പോളാണ് ഇരുവരും തീ കൊളുത്തിയത്.