കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും പടരുന്നു

ന്യൂഡല്‍ഹി: യുകെയില്‍നിന്ന് ഇന്ത്യയിലെത്തിയ ആറു പേര്‍ക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മൂന്നെണ്ണം ബെംഗളൂരു നിംഹാന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലും 2 എണ്ണം ഹൈദരാബാദ് സിസിഎംബി, ഒരെണ്ണം പൂണെ എന്‍ഐവി ലാബുകളില്‍ നടത്തിയ പരിശോധനകളിലുമാണ് കണ്ടെത്തിയത്.

നവംബര്‍ 25നുശേഷം യുകെയില്‍നിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മുഴുവന്‍ പേരുടെയും സ്രവ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനായി നല്‍കിയിരുന്നു. ഇതില്‍ 6 പേര്‍ക്കാണ് യുകെയില്‍ കണ്ടെത്തിയ അതീവ വ്യാപനശേഷിയുള്ള വൈറസ് വകഭേദത്തില്‍നിന്ന് കോവിഡ് പിടിപെട്ടത്.

ഇവരെ പ്രത്യേക ഐസലേഷന്‍ യൂണിറ്റുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്. സമ്പര്‍ക്കമുണ്ടായവരില്‍ പോസ്റ്റീവ് ആകുന്നവര്‍ക്കും ജനിതക ശ്രേണീകരണം നടത്തും. കനത്ത ജാഗ്രതാ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കി.

മറ്റ് 14 രാജ്യങ്ങളില്‍ കൂടി യുകെയിലെ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍നിന്ന് എത്തിയവരെ പരിശോധിക്കുന്ന നടപടിയിലേക്കും ഇന്ത്യ കടന്നേക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7