ഭാരത് ബന്ദില്‍ പരക്കെ സംഘര്‍ഷം; ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയില്‍ എടുത്തു, കെ.കെ.രാഗേഷ് എംപിയും പി.കൃഷ്ണപ്രസാദും അറസ്റ്റില്‍

ന്യൂഡല്‍ഹി: കര്‍ഷക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ 11ന് ആരംഭിച്ച രാജ്യവ്യാപക ഭാരത് ബന്ദില്‍ പരക്കെ സംഘര്‍ഷം. പ്രതിഷേധങ്ങള്‍ ശക്തമാകാന്‍ സാധ്യതയുള്ളത് മുന്നില്‍ക്കണ്ട് ഡല്‍ഹിയുടെ അതിര്‍ത്തിയായ സിംഘവില്‍ വന്‍ സുരക്ഷാ സന്നാഹമാണ് നിലയുറപ്പിച്ചിരുക്കുന്നത്. ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള പ്രതിഷേധത്തില്‍ പ്രധാനപ്പെട്ട റോഡുകള്‍ തടസ്സപ്പെടുത്തുമെന്ന് (ചക്ക ജാം) കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാളെ രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. മോദിയുടെ കയ്യൂക്കിനു മുന്നില്‍ മുട്ടുകുത്തില്ലെന്നു സിംഘുവിലെ സമരവേദിയില്‍ കര്‍ഷകര്‍.

അതിനിടെ. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരത് ബന്ദ് പ്രതിഷേധത്തിന് പോകാന്‍ അനുവദിക്കാതെയാണ് യുപി പൊലീസ് ആസാദിനെ യുപിയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. കെ.കെ.രാഗേഷ് എംപിയും പി.കൃഷ്ണപ്രസാദും അറസ്റ്റിലായിട്ടുണ്ട്. ബിലാസ്പൂരില്‍നിന്നാണ് ഇവര്‍ പിടിയിലായത്.

കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പഞ്ചാബും ഹരിയാനയും നിശ്ചലമായി. ബിജെപി ഭരിക്കുന്ന സംസ്ഥനങ്ങളിലും ബന്ദ് കാര്യമായി ബാധിച്ചു. കര്‍ഷകരെ കവര്‍ച്ച ചെയ്യുന്നത് മോദി അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സിംഘുവില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക രോഷം ഏറ്റവും കൂടുതല്‍ ആഞ്ഞടിച്ച പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദ് പൂര്‍ണമാണ്. കര്‍ഷകര്‍ക്കു പുറമെ കോണ്‍ഗ്രസ്, ശിരോമണി അകാലി ദള്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു. സമരങ്ങള്‍ നിശ്ചലമാക്കാറുള്ള ബംഗാളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ട്രെയിന്‍ തടഞ്ഞു. രാജ്യതലസ്ഥാനത്ത് 11 മണിക്ക് തുടങ്ങിയ റോഡ് ഉപരോധങ്ങള്‍ തുടരുകയാണ്. എന്നാല്‍ ബന്ദ് ഡല്‍ഹിയിലെ വാഹന ഗതാഗതതെ ബാധിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ കര്‍ഷക സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു. അഹമ്മദാബാദ് – വിരാംഗം ദേശീയപാതയില്‍ ടയര്‍ കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജയ്പ്പൂരില്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ഡല്‍ഹി – യുപി ദേശീയപാതകളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ചു.

ഭാരത് ബന്ദിനെ പിന്തുണച്ചു കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധിക്കാനിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഡല്‍ഹി പൊലീസ് വീട്ടുതടങ്കലിലാക്കിയതായി ആം ആദ്മി പാര്‍ട്ടി (എഎപി) ആരോപിച്ചിട്ടുണ്ട്. കേജ്‌രിവാളിനെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഡല്‍ഹി പൊലീസ് ആരോപണം നിഷേധിച്ചു. ഡല്‍ഹി െഎടിഒ റോഡ് ഉപരോധിച്ച എഎപി പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വനിത പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ കീറിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7