പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി നൗഫൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ റെക്കോർഡ് വേഗത്തിലാണ് പോലീസ് അന്വേഷണം പൂർത്തീകരിച്ചത്. സെപ്തംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തുടർന്ന് 47 ദിവസംകൊണ്ട് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ പോലീസിന് സാധിച്ചു
540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയത്. കേസിൽ 94 സാക്ഷികളാണുള്ളത്. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.
അർധരാത്രി ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആംബുലൻസ് ഡ്രൈവറായ പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടുകൂടി തന്നെ പ്രതി പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കേസിലെ പ്രതിയായ നൗഫലിനെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പിടികൂടിയിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെജി സൈമന്റെ നേതൃത്വത്തിൽ അടൂർ ഡിവൈഎസ്പി ആർ. ബിനുവാണ് കേസിൽ അന്വേഷണം നടത്തിയത്.