തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുവെന്ന വാര്‍ത്ത കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന് നിഷേധിച്ചുവെന്ന് മന്ത്രി കെ.കെ ശൈലജ. ഓണക്കാലത്തെ കോവിഡ് നിയന്ത്രണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി നവരാത്രി ഉത്സവ സമയത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് അദ്ദേഹം ചെയ്തതെന്നും അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം ബോധപൂര്‍വം കുറച്ചിട്ടില്ലെന്നും ശാസ്ത്രീയമായി പുനഃക്രമീകരിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
പരിശോധന കുറഞ്ഞത് കൊണ്ട് കുഴപ്പമില്ല എന്നതിന്‍െ്റ തെളിവാണ് കുറഞ്ഞ മരണനിരക്ക്. ലക്ഷണമുള്ളവരെയും അടുത്ത സമ്പര്‍ക്കം ഉള്ളവരെയുമാണ് പരിശോധിക്കുന്നത്. ജനങ്ങള്‍ സ്വയം നിയന്ത്രണം വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് മരണ നിരക്ക് പിടിച്ചുനിര്‍ത്തുന്നതില്‍ കേരളം വിജയിച്ചു. ഒക്ടോബര്‍ വരെയുള്ള മരണനിരക്ക് 0.34 ശതമാനമാണ്. ഒക്ടോബറില്‍ ഇതുവരെ 0.28 ശതമാനമാണ് മരണനിരക്ക്. രോഗവ്യാപനം ഒറ്റയടിക്ക് വര്‍ദ്ധിക്കാതെ തടയുകയാണ് ലക്ഷ്യം. അത് നേടിയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്‍െ്റ കോവിഡ് പ്രതിരോധം പാളിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ദ്ധന് രൂക്ഷവിമര്‍ശനം ഉന്നയിച്ചുവെന്നായിരുന്നു വാര്‍ത്ത. കേന്ദ്ര ആരോഗ്യ മന്ത്രി അദ്ദേഹത്തിന്‍െ്റ പ്രതിവാര സംവാദ പരിപാടിയായ സണ്‍ഡേ സംവാദില്‍ സംസാരിക്കവെയാണ് വാര്‍ത്തയ്ക്ക് ആധാരമായ പരാമര്‍ശം ഉണ്ടായത്. ഓണക്കാലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായത് ചൂണ്ടിക്കാട്ടി നവരാത്രിക്കാലത്ത് ജാഗ്രത പാലിക്കണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.