ന്യൂഡൽഹി: പിയൂഷ് ഗോയലിന് ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളുടെ അധിക ചുമതല നൽകി. ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രാംവിലാസ് പാസ്വാന്റെ വിയോഗത്തെ തുടർന്നാണിത്.
പിയൂഷ് ഗോയൽ നിലവിൽ റെയിൽവേ, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയാണ്. എൽജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാൻ വ്യാഴാഴ്ചയാണ് മരിച്ചത്.
രാംവിലാസ് പാസ്വാന്റെ മകനും എൽജെപി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ വൈകാതെ മന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന. ബിഹാറിലെ എൻഡിഎയിൽ നിലനിൽക്കുന്ന വിള്ളൽ ഇതിന് തടസ്സമാകുമോ എന്നത് കണ്ടറിയണം. ബിഹാറിൽ ജെഡിയുവുമായിട്ടാണ് എൽജെപിക്ക് തർക്കമുള്ളത്. ബിജെപിയുമായുള്ള സഖ്യം തുടരുമെന്നും ചിരാഗ് പാസ്വാൻ വ്യക്തമാക്കിയിരുന്നു.