ന്യൂഡല്‍ഹി: കേരളത്തിലെ ഐഎസ് ഭീകരസാന്നിധ്യത്തെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍. ഭീകരരുടെ വന്‍ സാന്നിധ്യമെന്ന കണ്ടെത്തല്‍ വസ്തുതാപരമായി ശരിയല്ല. ഭീകരഭീഷണി തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. രാജ്യത്ത് ഐഎസ്, ലക്ഷ്‌കറെ തയ്ബ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി
ഇന്ത്യയിലെ കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അവര്‍ ആക്രമണത്തിനു തക്കം പാര്‍ക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടന (യുഎന്‍) സമിതി റിപ്പോര്‍ട്ട് ജൂലൈയില്‍ പുറത്തു വന്നിരുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 150 200 ഭീകരരുടെ സംഘമാണിതെന്നും ഐഎസ്, അല്‍ ഖായിദ ഭീകരസംഘടനകളെ നിരീക്ഷിക്കുന്നതിനുള്ള യുഎന്‍ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനിലെ നിമ്‌റൂസ്, ഹെല്‍മണ്ട്, കാണ്ടഹാര്‍ പ്രവിശ്യകളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന താലിബാന്റെ നിയന്ത്രണത്തിലാണിവര്‍. ഉസാമ മഹമൂദാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖായിദയുടെ നേതാവ്. 2019 മേയ് 10ന് പ്രഖ്യാപിച്ച ഐഎസിന്റെ ഇന്ത്യന്‍ മുഖമായ ഹിന്ദ് വിലായയില്‍ 180200 അംഗങ്ങളുണ്ടെന്നും ഇവര്‍ക്കു കേരളത്തിലും കര്‍ണാടകത്തിലും ശക്തമായ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.