കോവിഡ് പശ്ചാത്തലത്തില്‍ പനിയില്ലെങ്കിലും നെഞ്ച് വേദന, ക്ഷീണം പോലുള്ള ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ഹൃദ്രോഗവിദഗ്ധര്‍. കോവിഡ് കാലത്തെ ഹൃദയാരോഗ്യം എന്ന വിഷയത്തില്‍ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ ഒരു ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ആശങ്കകള്‍ ഡോക്ടര്‍മാര്‍ പങ്കുവച്ചത്.
കൊറോണ വൈറസിന് ഹൃദയമിടിപ്പ് കുറയ്ക്കാനും കൂട്ടാനുമൊക്കെ കഴിയുമെന്നും സാധാരണ ഹൃദയമിടിപ്പില്‍ വ്യതിയാനം കണ്ടെത്തിയാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുതെന്നും ഹൃദ്രോഗ വിദഗ്ധനായ ഡോ. മൊഹ്സിന്‍ വാലി പറയുന്നു.
രക്തധമനികളില്‍ ക്ലോട്ടുണ്ടാക്കാനും ഹൃദയ പേശികളുടെ കാര്യക്ഷമത കുറയ്ക്കാനും ഹൃദയമിടിപ്പ് ഉയര്‍ത്താനും കൊറോണ വൈറസിന് സാധിക്കുമെന്ന് ഫോര്‍ട്ടിസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിലെ കാര്‍ഡിയോളജി കൗണ്‍സില്‍ ചെയര്മാന് ഡോ. അശോക് സേത്ത് ചൂണ്ടിക്കാണിക്കുന്നു.
യുവാക്കളുടെ ശ്വാസകോശത്തില്‍ കോവിഡ് മൂലം രൂപപ്പെടുന്ന ക്ലോട്ടുകള്‍ ശ്വാസതടസ്സവും കുറഞ്ഞ രക്ത സമ്മര്‍ദവും കുറഞ്ഞ ഓക്സിജന്‍ ലഭ്യതയുമുണ്ടാക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. യുവാക്കളില്‍ ഇത് പക്ഷാഘാതത്തിനു വരെ കാരണമാകാം.
തുടക്കത്തില്‍ ശ്വാസകോശത്തിനു മാത്രം ക്ഷതമേല്‍പ്പിക്കുമെന്ന് കരുതിയ കോവിഡ് ഒട്ടുമിക്ക അവയവങ്ങളുടെയും അന്തകനാകാമെന്നാണ് പുതിയ പഠനങ്ങള്‍ അടിവരയിടുന്നത്. അതിനാല്‍തന്നെ രോഗം വരാതെ സൂക്ഷിക്കാനാണ് എല്ലാവരും പ്രഥമ പരിഗണന നല്‍കേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.