പത്തനംതിട്ട: കോവിഡ് രോഗിയായ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ജി.പി.എസ്. രേഖ നിർണായക തെളിവാകുന്നു. ആറന്മുള നാൽക്കാലക്കലിൽ പതിനഞ്ച് മിനിറ്റോളം വാഹനം നിർത്തിയിട്ടതായി വ്യക്തമായി. കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് ആലോചന.
108 ആംബുലൻസുകൾ ജി.പി.എസ്. ഘടിപ്പിച്ചവയാണ്. ഇതുവഴി വാഹനത്തിന്റെ ഓരോ നീക്കവും കൃത്യമായി മനസിലാക്കാനാകും. കോവിഡ് രോഗിയായ പെൺകുട്ടിയ പീഡിപ്പിച്ച സംഭവത്തിൽ ആറന്മുള നാൽക്കാലിക്കൽ കവലക്ക് സമീപത്തെ ഗ്രൗണ്ടിൽ വാഹനം പതിനഞ്ച് മിനിറ്റ് നിർത്തിയിട്ടു. പീഡനം നടന്ന സമയം വാഹനം ഇവിടെ ഉണ്ടായിരുന്നുവെന്ന് ഗൂഗിൾ മാപ്പിംഗ് വഴി വ്യക്തമായി.
അടൂരിൽനിന്ന് കോവിഡ് രോഗിയായ വീട്ടമ്മയേയും യുവതിയേയും കൊണ്ട് പന്തളം വഴിയാണ് ആറന്മുളയിലേക്ക് പോയത്. എന്നാൽ പന്തളത്തെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ യുവതിയെ ഇറക്കിയിരുന്നില്ല.
വാഹനത്തിന്റെ റൂട്ട്മാപ്പും ജി.പി.എസ്. സംവിധാനം വഴി ലഭ്യമായിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം. അതേസമയം പട്ടികജാതി പീഡന നിരോധന നിയമം കൂടി ഉൾപ്പെടുത്തിയ സാഹചര്യത്തിൽ അന്വേഷണം അടൂർ ഡിവൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ട്.