തിരുവനന്തപുരം: മൂന്നു ദിവസം കൊണ്ട് തലസ്ഥാനത്ത് എൻഐഎ സംഘം ചോദ്യം ചെയ്തത് അറുപതിലധികം പേരെ. ഇതിനിടെ സെക്രട്ടേറിയറ്റിലെത്തി പരിശോധനയും നടത്തിയാണു സംഘം ഇന്നലെ തലസ്ഥാനം വിട്ടത്.
നേരത്തേ സെക്രട്ടേറിയറ്റിലെ ചില ബ്ലോക്കുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ചില പ്രത്യേക സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വേണമെന്നു ചീഫ് സെക്രട്ടറിക്ക് എൻഐഎ കത്തു നൽകും. ഇതിനു മുന്നോടിയായാണു പരിശോധന നടത്തിയത്. പ്രതികളുടെ മൊഴിയിലെ ചില നിർണായക വിവരങ്ങൾ കൂട്ടിയിണക്കുന്നതിന് ആവശ്യമായ തെളിവുകൾക്കു വേണ്ടിയാണു ചിലരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
കൂടാതെ ഈ ദിവസങ്ങളിൽ രഹസ്യകേന്ദ്രങ്ങളിൽ യുഎഇ കോൺസുലേറ്റിലെ മുഴുവൻ ഇന്ത്യൻ ജീവനക്കാരെയും എൻഐഎ സംഘം ചോദ്യം ചെയ്തു. സ്വപ്ന സുരേഷും പി.എസ്.സരിത്തും ഇവിടെ പ്രവർത്തിക്കുമ്പോൾ ചെയ്ത കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനായിരുന്നു ഇത്. കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും സ്വപ്നയും സരിത്തും ചേർന്നു നടത്തിയ യാത്രകൾ, പാർട്ടികൾ, കോൺസുലേറ്റിലേക്കു വന്ന പ്രമുഖർ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചുവെന്നാണു സൂചന. യുഎഇയുടെ അന്വേഷണ സംഘം ഈ ആഴ്ച കോൺസുലേറ്റിൽ പരിശോധനയ്ക്കായി വരുന്നുണ്ട്.
സ്വർണക്കടത്തിന്റെ സൂത്രധാരനായി പ്രവർത്തിച്ച കെ.ടി.റമീസ് താമസിച്ച ഹോട്ടലുകളിൽ ആ സമയത്തു ജോലിക്കുണ്ടായിരുന്ന ജീവനക്കാരെയും മൊഴിയെടുക്കാനായി എൻഐഎ വിളിപ്പിച്ചിരുന്നു. ഹോട്ടലുകളിൽ നിന്ന് ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നേരത്തേ ശേഖരിച്ചിരുന്നു.