ന്യൂഡൽഹി: റെയിൽവെ സ്റ്റേഷനുകളിലും തീവണ്ടികളിലും ഭിക്ഷാടനം അനുവദിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ തള്ളി റെയിൽവെ. അത്തരത്തിലുള്ള ഒരു നിർദ്ദേശവും റെയിൽവെയുടെ പരിഗണനയിൽ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
തീവണ്ടികളിലും സ്റ്റേഷനുകളിലും ഭിക്ഷാടനം നടത്തുന്നത് കുറ്റകരം അല്ലാതാക്കിക്കൊണ്ട് 1989 ലെ റെയിൽവെ ആക്ടിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്താൻ നീക്കം നടക്കുന്നുവെന്ന തരത്തിലാണ് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നത്. ഭിക്ഷാടകരെ ശിക്ഷിക്കുന്നതിനുള്ള വകുപ്പുകൾ ഒഴിവാക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവയാണ് റെയിൽവെ മന്ത്രാലയം തള്ളിയത്.
എന്നാൽ നടപടിക്രമങ്ങൾ ലളിതമാക്കാൻ നീക്കമുണ്ടെന്നും ഇതിന്റെ ഭാഗമായി പല കുറ്റകൃത്യങ്ങൾ ഒരു വകുപ്പിന് കീഴിൽ കൊണ്ടുവരുമെന്നും റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവെ സ്റ്റേഷനുകളിലോ തീവണ്ടികളിലും ഭിക്ഷാടനം നടത്തുന്നത് തുടർന്നും നിയമ വിരുദ്ധമായിരിക്കും. ഇത്തരക്കാർ പിടിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവെ മന്ത്രാലയം വ്യക്തമാക്കി.