മോസ്‌കോ : റഷ്യയിലെ പ്രതിപക്ഷത്തിന്റെ ഏറ്റവും കരുത്തനായ നേതാവ് അലക്‌സി നവല്‍നിയ്ക്ക് (44) നല്‍കിയ വിഷം നാഡികളെ തളര്‍ത്തുന്ന നൊവിചോക് എന്ന മാരക കെമിക്കല്‍ ഏജന്റെന്ന് സ്ഥിരീകരിച്ച് ജര്‍മനി. നവല്‍നിയെ ഇപ്പോള്‍ ചികിത്സിക്കുന്ന ബര്‍ലിനിലെ ആശുപത്രി അധികൃതരാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. ബര്‍ലിനിലെ ആശുപത്രിയില്‍ ജര്‍മന്‍ സൈന്യം നടത്തിയ പരിശോധനയിലാണ് നെവിചോക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. അലക്‌സി നവല്‍നിയ്ക്കു നേരേ നടന്നത് വധശ്രമമാണെന്നും റഷ്യ ഉത്തരം പറയണമെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പ്രതികരിച്ചു.
കോളിനെസ്റ്ററേസ് ഇന്‍ഹിബിറ്റര്‍ വിഭാഗത്തില്‍ പെടുന്ന രാസപദാര്‍ഥങ്ങളില്‍ നിന്നുള്ള കൂടിയ അളവിലുള്ള വിഷം നവല്‍നിയുടെ ശരീരത്തില്‍ കലര്‍ന്നതായി ഇതേ ആശുപത്രിയില്‍ വച്ചു നടത്തിയ ക്ലിനിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നുവെങ്കിലും ഏത് പദാര്‍ത്ഥമാണ് ശരീരത്തില്‍ എത്തിയത് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നവല്‍നിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു
സൈബീരിയയിലെ ടോംസ്‌ക് നഗരത്തിലെ വിമാനത്താവളത്തില്‍ ചായയില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന അനുയായികളുടെ ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. നവല്‍നിയ്ക്ക് വിഷ ബാധയേറ്റിട്ടില്ലെന്ന സൈബീരിയന്‍ ഡോക്ടറുടെ വാദത്തിനു വിരുദ്ധമാണ് ഇത്.
നവല്‍നിയുടെ വിരലുകളിലും വസ്ത്രത്തിലും രാസവസ്തു ഘടകങ്ങള്‍ കണ്ടെത്തിയതായി ആദ്യം ചികിത്സിച്ചിരുന്ന സൈബീരിയ ഓംസ്‌കിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും വിഷബാധയില്ലെന്ന നിഗമനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സൈബീരിയ ഓംസ്‌കിലെ ആശുപത്രി അധികൃതര്‍. തുടര്‍ന്നാണ് ചികിത്സയ്ക്കായി ബര്‍ലിനിലെ ആശുപത്രിയിലേക്കു മാറ്റിയത്.
വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്ന ചോദ്യത്തിനു മുന്‍പ് ചികിത്സിച്ചിരുന്ന ഡോ. അലക്‌സാണ്ടര്‍ മുറാഖോവ്‌സ്‌കി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. താഴ്ന്ന രക്തസമ്മര്‍ദം മൂലമുള്ള പ്രശ്‌നങ്ങള്‍ക്കാണു ചികിത്സ നല്‍കുന്നതെന്നായിരുന്നു മറുപടി. ഇതേ പ്രശ്‌നങ്ങള്‍ നവല്‍നിക്കുള്ളതായി ഇപ്പോള്‍ ചികിത്സിക്കുന്ന ബര്‍ലിനിലെ ആശുപത്രി അധികൃതരും അറിയിച്ചിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ രൂക്ഷവിമര്‍ശകനായ നവല്‍നിയെ വിഷരാസവസ്തു പ്രയോഗം മൂലം വകവരുത്താനുള്ള ശ്രമം ആദ്യമല്ല. 2017ല്‍ പ്രക്ഷോഭത്തിനിടെ പുടിന്‍ അനുയായികള്‍ രാസവസ്തുവെറിഞ്ഞപ്പോള്‍ മുഖത്തു പൊള്ളലേറ്റു നവല്‍നിയുടെ വലതു കണ്ണിന്റെ കാഴ്ച താല്‍ക്കാലികമായി നഷ്ടപ്പെട്ടിരുന്നു. 2019 ജൂലൈയില്‍ നവല്‍നിക്ക് ജയിലില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത് വിഷ രാസവസ്തുപ്രയോഗം മൂലമാണെന്നു സംശയം ഉയര്‍ന്നിരുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ പുടിനെതിരെ രംഗത്തിറങ്ങിയ നവല്‍നിക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് വന്നതിനെത്തുടര്‍ന്നു പ്രാദേശിക തലത്തില്‍ അഴിമതിവിരുദ്ധ സമരങ്ങള്‍ക്കു പിന്തുണ നല്‍കി വരികയായിരുന്നു