ഇടതു നേതാവിന്റെ മകനുമായും സിനിമാ നടനുമായും ബന്ധം; സ്വര്‍ണക്കടത്ത്, അനൂപും സംഘവും കുടുങ്ങിയത് ഒറ്റിനെ തുടര്‍ന്ന്

കൊച്ചി: ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപും സംഘവും അറസ്റ്റിലായത് ബിസിനസ് എതിരാളികളുടെ ഒറ്റിനെ തുടര്‍ന്ന്. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്, ഹവാല സംഘവുമായി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സിനിമാ നടനായ ബന്ധു അകന്നതിന്റെ പക തീര്‍ക്കാനായിരുന്നു ഒറ്റ് എന്നാണ് വിവരം. നേരത്തെ ഈ സംഘവുമായുള്ള ഇടതു നേതാക്കളുടെ ബന്ധം പുറത്തു വന്നത് വലിയ വിവാദമായിരുന്നു. സിനിമാക്കാരനായ ഇദ്ദേഹത്തിന് നേരത്തെ സംഘവുമായി സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പടെ ഉണ്ടായിരുന്നെങ്കിലും പുതിയ കൂട്ടുകെട്ട് വന്നതോടെ സാമ്പത്തിക നിക്ഷേപങ്ങള്‍ വഴിമാറിയതാണ് പ്രകോപന കാരണം.

രാഷ്ട്രീയ, സാമ്പത്തിക പങ്കാളിയായിരുന്ന ഇടതു നേതാവിന്റെ മകനുമായയുള്ള ബന്ധം നഷ്ടമാകുന്നതിന് കാരണക്കാരനായ മുഹമ്മദ് അനൂപിനെ കുടുക്കാന്‍ കാത്തിരിക്കുകയായിരുന്നു കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘം. ഇതിനിടെയാണ് അനൂപ് ഈ നേതാവിന്റെ മകന്റെ പങ്കാളിത്തത്തില്‍ ഒരു വര്‍ഷം മുമ്പ് ബെംഗളുരുവില്‍ ഹോട്ടല്‍ തുടങ്ങുന്നത്. ഇതിനിടെ അനൂപിന് ലഹരി സംഘവുമായി ഇടപാടുണ്ടെന്നു വ്യക്തമായതോടെ ഈ വിവരം നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ എന്‍സിബി ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കാര്യമായ താല്‍പര്യം കാണിച്ചിരുന്നില്ല

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തോടെ സിനിമാ രംഗത്തെ ലഹരി ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന് എന്‍സിബിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം ലഭിച്ചിരുന്നു. ഈ അവസരത്തില്‍ ബെംഗളുരുവില്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരി വ്യാപാരം നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് എന്‍സിബി തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ സിനിമാ നിര്‍മാണങ്ങള്‍ നടക്കുന്നില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ സിനിമാ രംഗത്തെ ബാധിച്ചു എന്ന ആരോപണത്തിനും ഇട നല്‍കില്ല. ഇതോടെയാണ് മൊഹമ്മദ് അനൂപിന്റെ ഹോട്ടലുമായി ബന്ധപ്പെട്ടു നടക്കുന്ന ലഹരി ഇടപാടുകളിലേയ്ക്ക് അന്വേഷണ സംഘം എത്തുന്നത്. പിടിയിലായ അനൂപ് കേരളത്തിലെ പല ലഹരി വിരുന്നുകളിലും സജീവ സാന്നിധ്യമായിരുന്നു എന്ന വിവരം പുറത്തു വന്നിട്ടുണ്ട്.

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ കെ.ടി. റമീസിന് ഈ ലഹരി സംഘവുമായി ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. അനൂപിന്റെ ഫോണ്‍ വിവരങ്ങളില്‍ നിന്ന് ഇതു സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കെ.ടി. റമീസ് സ്വര്‍ണക്കടത്തിന് പണം സ്വരൂപിക്കാന്‍ ലഹരി സംഘത്തെയും ഉപയോഗപ്പെടുത്തിയിരുന്നതാണ് സൂചന. സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായ ദിവസം മുഹമ്മദ് അനൂപ് രാഷ്ട്രീയ നേതാവിന്റെ ബന്ധുവിനെ പലപ്രാവശ്യം വിളിച്ചതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ലഹരി മരുന്നു കേസില്‍ അറസ്റ്റിലായ അനൂപിന് മലയാള സിനിമയലെ പ്രമുഖ നടന്‍ ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധം തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍. മൊഹമ്മദ് അനൂപ് ബെംഗളുരു കമ്മനഹള്ളിയില്‍ സ്പൈസ് ബേ ഹോട്ടല്‍ തുടങ്ങിയപ്പോള്‍ അതിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് നടന്‍മാരുടെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും പങ്കെടുത്ത പല ചടങ്ങുകളുടെയും ചിത്രങ്ങളും വിഡിയോകളും പേജിലുണ്ട്. പല പോസ്റ്റുകളിലും ഇവര്‍ അനൂപിനെ ടാഗ് ചെയ്യുകയൊ, അനൂപ് ഇവരുടെ പോസ്റ്റുകള്‍ പങ്കുവയ്ക്കുകയൊ ചെയ്തിട്ടുണ്ട്. നാര്‍കോട്ടിക് സംഘത്തിന്റെ അറസ്റ്റ് നടപടികള്‍ അതിവേഗമായിരുന്നു എന്നതിനാല്‍ ഈ വിഡിയോകള്‍ നീക്കുന്നതിന് അനൂപിന് സാധിച്ചില്ല എന്നതും നടന്‍മാര്‍ക്ക് കുരുക്കായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7