തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് ഡിസിസിയില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രണ്ടു പേരുടെ മരണം സിപിഎം ആഘോഷിക്കുകയാണ്. നൂറിലധികം കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ അക്രമം സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
അതേസമയം ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദിനെയും മിഥിലാജിനെയും അക്രമികള്‍ കൊലപ്പെടുത്തിയത് മൃഗീയമായി. ഹക്കിനാണ് കൂടുതല്‍ വെട്ടേറ്റത്. നെഞ്ചിലും മുഖത്തും കയ്യിലും മുതുകിലുമായി ഒന്‍പതോളം വെട്ടുകളുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന മിഥിലാജിനു നെഞ്ചിലടക്കം മൂന്നോളം വെട്ടേറ്റു. ഇരുവരുടേയും മരണകാരണമായതു നെഞ്ചിലേറ്റ വെട്ടെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
മിഥിലാജിന്റെ ഇടതു നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറി. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മുഹമ്മദ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷഹിനാണ് സംഘര്‍ഷത്തിന്റെ വിവരം സുഹൃത്തുക്കളെ അറിയിച്ചത്.
ഹക്ക് മുഹമ്മദിനെ വകവരുത്താന്‍ അക്രമി സംഘം മാസങ്ങളായി പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. മുന്‍പ് ഫൈസലെന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റിരുന്നു. ഹക്കിനെ ലക്ഷ്യമിട്ടാണ് അന്നും അക്രമികളെത്തിയത്. പിന്നീട് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളും വിരോധം മൂര്‍ഛിക്കാന്‍ കാരണമായി. ഫൈസല്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട കോടതി നടപടികളുമായി മുന്നോട്ടു പോകരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.
വട്ടപ്പാറ, കല്ലമ്പലം സിഐമാരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോസ്റ്റുമോര്‍ട്ടം സമയത്ത് പൊലീസ് ഹാജരാക്കിയില്ല. ആയുധം പരിശോധിച്ചശേഷമായിരിക്കും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.