തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 2406 പേർക്ക് കോവിഡ് സ്ഥീരീകരിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
കോവിഡ് മഹാമാരിയുടെ അതിനിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗത്തിന്റെ അവസ്ഥ ഉച്ഛസ്ഥായിലാണെന്ന് പറയാനാകില്ല. ലോകത്ത് കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് കേരളം. ഈ പ്രത്യേകത കൂടി കണക്കിലെടുത്താൽ രോഗത്തെ അതിന്റെ ഉച്ഛസ്ഥായിലെത്താൻ അനുവദിക്കാതെ കൂടുതൽ സമയം പിടിച്ചു നിർത്താനായി. നമ്മുടെ രാജ്യം ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി മാറി.
75,995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 47,857 കേസുകളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ രാജ്യത്തെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസ്സിലാകുക. മരണം ഒരു ദിവസം ഏകദേശം 1000ൽ കൂടുതലുണ്ടാകുന്ന സാഹചര്യമാണ് രാജ്യത്ത്. ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 1017 മരണങ്ങളാണ്. ദക്ഷിണേന്ത്യയിൽ രോഗം വ്യാപനം രൂക്ഷമാകുന്നു. കർണാടകയിൽ കേസുകൾ മൂന്നു ലക്ഷം കഴിഞ്ഞു.