ഹൈദരാബാദ്: എന്തൊക്കെ സംഭവിച്ചാലും തന്റെ പിന്തുണ എന്നും എക്കാലവും ഇന്ത്യയ്ക്ക് ആയിരിക്കുമെന്ന് പാക് ക്രിക്കറ്റ് താരമായ ഭര്‍ത്താവ് ശുഐബ് മാലിക്കിനോട് വ്യക്തമാക്കിയ സംഭവം വീണ്ടും വിവരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഒരു അഭിമുഖത്തിലായിരുന്നു സാനിയ ഇക്കാര്യം വ്യക്തമാക്കിയത്. ശുഐബ് മാലിക്ക് 2010ലാണ് സാനിയയെ വിവാഹം ചെയ്തത്. 2018ല്‍ ഇരുവര്‍ക്കും ഇഷാന് എന്ന മകന് പിറന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക വ്യാപകമായി കടുത്ത യാത്രാനിയന്ത്രണങ്ങള്‍ വന്നതോടെ ഇരുവരും മാസങ്ങളോളം രണ്ടിടത്തായിപ്പോയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഭാര്യയെയും മകനെയും കാണാന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് മാലിക്കിന്റെ ഇംഗ്ലണ്ട് യാത്ര വൈകിപ്പിച്ചതും വാര്‍ത്തയായി. കോവിഡിനിടെ ഇരുവരും നടത്തിയ ഒരു ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ മാലിക്കിന്റെ വാചാലത, തങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരാധകര്‍ക്ക് പുതിയ ചില തിരിച്ചറിവുകള്‍ നല്‍കിയെന്ന് സാനിയ പറഞ്ഞു.
‘ഞങ്ങളുടെ ബന്ധം വളരെ രസകരമാണ്. അന്നാണ് (ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍) ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആളുകള്‍ക്ക് ഏതാണ്ടൊരു ധാരണ കിട്ടിയത്. ഞങ്ങള്‍ വളരെ ലളിതമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ആളുകള്‍ക്കിടയില്‍ പൊതുവേ ഉണ്ടായിരുന്ന വിശ്വാസം തിരുത്തി ശുഐബ് മാലിക്ക് എന്നേക്കാള്‍ സംസാരിക്കുന്ന ആളാണ് എന്ന് മിക്കവര്‍ക്കും അന്ന് മനസ്സിലായി’- സാനിയ പറഞ്ഞു.
വിവാഹത്തിനു മുന്‍പ് ഇന്ത്യ-പാക്കിസ്ഥാന് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളെക്കുറിച്ചും സാനിയ അഭിമുഖത്തില്‍ വിശദീകരിച്ചു.
‘അദ്ദേഹത്തിന് എക്കാലവും ഇന്ത്യയ്ക്കെതിരെ കളിക്കുന്നത് ഏറെ പ്രിയമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ പ്രണയത്തിലായിരുന്ന കാലത്ത് ഇതേക്കുറിച്ച് എപ്പോഴൊക്കെ സംസാരമുണ്ടായാലും ഞാന്‍ പറയും – ‘എന്തൊക്കെ സംഭവിച്ചാലും ഞാന്‍ ഇന്ത്യയെ മാത്രമേ പിന്തുണയ്ക്കൂ.’ അപ്പോള്‍ അദ്ദേഹം പറയും- ‘ഇന്ത്യയ്ക്കതിരായ എന്റെ പ്രകടനങ്ങളാണ് നിനക്കുള്ള എന്റെ മറുപടി’. ദീര്‍ഘനാളായി രാജ്യാന്തര ക്രിക്കറ്റിലുള്ള താരമാണ് അദ്ദേഹം. വളരെ നീണ്ട കരിയറിന് ഉടമ. അദ്ദേഹത്തെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമേയുള്ളൂ’ – സാനിയ പറഞ്ഞു.