തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപ്പിടിത്തം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ. സർക്കാർ ഓഫീസുകൾ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിലെ എല്ലാ വകുപ്പുകളിലേയും ഫയലുകൾ ഇ-ഫയലുകളായി സൂക്ഷിക്കുന്നുണ്ടെന്നാണ് മന്ത്രിമാർ പറയുന്നത്.
ഏതു കടലാസ് സെക്രട്ടേറിയറ്റിൽ വന്നാലും അത് സ്കാൻ ചെയ്ത് നമ്പറിട്ട് ബന്ധപ്പെട്ട സെക്ഷനിൽ ഇ-ഫോർമാറ്റിൽ എത്തുകയാണ് ചെയ്യുകയെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
സെക്രട്ടേറിയറ്റിലെ ഫയലുകളെല്ലാം ഇ-ഫയൽ ആണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും എം എൽ എ മാരും. എന്നിട്ടും തരംതാണ രാഷ്ട്രീയ കളിയാണ് നടത്തുന്നതെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ജനങ്ങളുടെ സമാന്യബുദ്ധിയെ വെല്ലുവിളിക്കുകയാണിവർ. സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ചെറിയൊരു തീപിടുത്തം നമ്മളെല്ലാം ടിവിയിൽ കാണുന്നു. അത് സൃഷ്ടിച്ച പുകയുടെ മറവിൽ സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്ന മട്ടിൽ പ്രതിപക്ഷങ്ങൾ ആകെ ആഘോഷിക്കുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ നശിച്ചുപോലും. സെക്രട്ടറിയേറ്റിലെ ഫയലുകളെല്ലാം ഇ-ഫയൽ ആണ് എന്നറിയാത്തവരല്ല ഇവർ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഇ-ഫയലുകൾ കത്തി നശിച്ചെന്നാണ് ചെന്നിത്തലയും വി. മുരളീധരനും പറയുന്നതെന്നും ഇവരെന്താ ഇങ്ങനെയെന്നും മന്ത്രി എം.എം. മണി ചോദിച്ചു.
എന്നാൽ സെക്രട്ടറിയേറ്റിലെ രഹസ്യ ഫയലുകൾ ഇ-ഫയലുകളായി സൂക്ഷിക്കാറില്ലെന്നും ഇത്തരത്തിലുള്ള ഫയലുകളാണ് ഇപ്പോൾ തീ കൊടുത്ത് നശിപ്പിച്ചതെന്നുമാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്.