കോവിഡ് പ്രതിരോധത്തിന് ജൂലൈ മുതല്‍ വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് ചൈന

ബെയ്ജിങ്: അപകടകരമായ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കഴിഞ്ഞ ജൂലായ് മുതല്‍തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയെന്ന് ചൈന. കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അതിര്‍ത്തികളിലെ ചെക്ക്പോസ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കുമാണ് വാക്‌സിന്‍ നല്‍കുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

കോവിഡ് വാക്‌സിന് ജൂലായ് 22 ന് അംഗീകാരം നല്‍കിയതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഷെങ് ഷോങ്‌വെയ് ചൈനയുടെ ഔദ്യോഗിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശനിയാഴ്ചയാണ് ഈ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. വൈറസ് ബാധിക്കാന്‍ സാധ്യത ഏറെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, കസ്റ്റംസ്, അതിര്‍ത്തി ചെക്ക്പോസ്റ്റുകളിൽ ജോലിചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് ആദ്യം വാക്‌സിൻ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനോഫാംസ് ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിച്ചതെന്നാണ് അവകാശവാദം. യുഎഇ, പെറു, മൊറോക്കോ, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ മൂന്നാംഘട്ട പരീക്ഷണം നടത്തി. രാജ്യം ഗുരുതര ആരോഗ്യഭീഷണി നേരിടുന്ന ഘട്ടത്തില്‍ അടിയന്തരമായി വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതിക്കായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് അപേക്ഷ സമര്‍പ്പിക്കാനും സ്റ്റേറ്റ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അത് പരിശോധിച്ച് അിനുമതി നല്‍കാനും വാക്‌സിന്‍ നിയമത്തിലെ 20-ാം അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഷെങ് അഭിമുഖത്തില്‍ പറഞ്ഞു. നിശ്ചിത കാലയളവിലേക്ക് നിശ്ചിത അളവില്‍ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കുക.

ശരത്കാലത്തും ശൈത്യകാലത്തും കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അക്കാലത്ത് വീണ്ടും വാക്‌സിന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയതിനു ശേഷം കാര്‍ഷിക വിപണികളില്‍ ജോലിചെയ്യുന്നവര്‍ക്കും ഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സേവന മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും വാക്‌സിന്‍ നൽകും.

പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ നടത്താനുള്ള അനുമതി ചൈന ആദ്യമായല്ല നല്‍കുന്നത്. കഴിഞ്ഞ ജൂണില്‍ ചൈനീസ് സൈനികര്‍ക്കിടയില്‍ മറ്റൊരു വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു. ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജി, അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സസ് എന്നിവ സംയുക്തമായി വികസിപ്പിച്ച വാക്‌സിനാണ് സൈനികര്‍ക്ക് നല്‍കിയത്. രാജ്യത്തെ 40 വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് പ്രതിവര്‍ഷം 100 കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ചൈന ഹ്യൂമന്‍ വാക്‌സിന്‍ ഇന്‍ഡസ്ട്രി റിപ്പോര്‍ട്ട് 2018 – 20 ല്‍ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7