കൊച്ചി : തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ 2 ലോക്കറുകള്‍ ബിസിനസ് ഇടപാടുകളില്‍ പങ്കാളികളായ 2 വ്യക്തികള്‍ക്കു വേണ്ടിയുള്ള കള്ളപ്പണം സൂക്ഷിക്കാന്‍ എടുത്തതാണെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിഗമനം. ഇതില്‍ ഒരു ലോക്കറില്‍ നിന്നു 36.5 ലക്ഷം രൂപയും രണ്ടാമത്തെതില്‍ നിന്നു 64 ലക്ഷം രൂപയുമാണു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ അന്വേഷണ ഏജന്‍സികളുടെ മുന്നില്‍ വെളിപ്പെടാത്ത 2 വ്യക്തികള്‍ക്കു വേണ്ടിയാണു സ്വപ്ന ഈ തുക സൂക്ഷിച്ചതെന്നാണു നിഗമനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സ്വപ്നയ്‌ക്കൊപ്പം ലോക്കര്‍ തുറന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴികളിലും ഇക്കാര്യം വ്യക്തമായിട്ടില്ല.
ഈ തുക ലൈഫ് മിഷന്‍ പദ്ധതിക്കു വേണ്ടി റെഡ് ക്രസന്റ് നിര്‍മിച്ചു കൈമാറുന്ന വീടുകളുടെ കരാര്‍ ലഭിച്ച യൂണിടാക് കമ്പനി നല്‍കിയതാണെന്നാണു സ്വപ്നയുടെ മൊഴി. എന്നാല്‍ ഈ തുക സ്വപ്നയ്ക്കു ലഭിച്ച കമ്മിഷനോ യുഎഇ കോണ്‍സുല്‍ ജനറല്‍ നല്‍കിയ സമ്മാനമോ അല്ലെന്നാണ് ഇഡിയുടെ നിഗമനം. കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ക്കു കമ്മിഷന്‍ കൈമാറിയതു ബാങ്ക് അക്കൗണ്ടിലൂടെയാണെന്നാണു യൂണിടാക് ഉടമ നല്‍കിയ മൊഴി. ഈ ബാങ്ക് ഇടപാടിന്റെ രേഖകളും അവര്‍ അന്വേഷണ ഏജന്‍സിക്കു കൈമാറി.
എന്നാല്‍ 20 കോടി രൂപയുടെ കരാറിനു 4.25 കോടി രൂപ കമ്മിഷന്‍ നല്‍കിയെന്ന യൂണിടാക്കിന്റെ മൊഴി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. സ്വര്‍ണക്കടത്ത് ഇടപാടില്‍ യൂണിടാക്കും പണം മുടക്കിയിട്ടുണ്ടോയെന്നാണ് ഇഡിയും കസ്റ്റംസും പരിശോധിക്കുന്നത്. ബാങ്കിലൂടെ കൈമാറിയ തുകയ്ക്കു പുറമേ 3.50 കോടി യൂണിടാക് ഡോളറും രൂപയുമായി കൈമാറിയെന്നാണു മൊഴി. ഇത് ആര്‍ക്കു വേണ്ടിയെന്നും അന്വേഷിക്കും.