കൊവിഡ് വാക്‌സിന്‍ 40,000 പേരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു

കൊവിഡിനെതിരെ തയാറാക്കിയ വാക്‌സിന്‍ 40,000 പേരില്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ. രാജ്യത്തെ പൊതുജനങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കുന്നതിനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. പരീക്ഷണം അടുത്തയാഴ്ച തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ച് ഫലപ്രദമെന്ന് അവകാശപ്പെട്ടിരുന്ന റഷ്യ ആദ്യമായാണ് 40,000 പേരില്‍ മരുന്നു പരീക്ഷിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വാക്‌സിന്‍ എത്ര പേരില്‍ പരീക്ഷിച്ചുവെന്നത് അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം

സ്പുട്‌നിക്ക് -5 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍ എന്ന പേരിലാണ് അവതരിപ്പിച്ചത്. വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. രണ്ടുമാസം നീണ്ടുനിന്ന മനുഷ്യരിലെ പരീക്ഷണങ്ങള്‍ ഫലപ്രദമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നതെങ്കിലും അതിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനാണ് പുറത്തിറക്കിയത്. പുടിന്റെ മകള്‍ക്കാണ് മരുന്നിന്റെ ആദ്യ കുത്തിവയ്പ് നല്‍കിയത്. കൊറോണ വൈറസിനെതിരെ വാക്സിന്‍ പ്രതിരോധശേഷി നല്‍കുമെന്ന് തെളിയിക്കപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്‌സിന്‍ വിധേയമായിട്ടുണ്ട്. വാക്‌സിന്റെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകളോടെയാണ്. ഉത്പാദനം നടക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങള്‍ തുടരുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7