കൊവിഡ് പ്രതിസന്ധിയുടെ കാലത്തും സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാരടക്കം നേരിടേണ്ടി വരുന്ന വിവേചനം തുറന്നുകാട്ടി ഡോക്ടറുടെ കുറിപ്പ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മനോജ് വെള്ളനാടാണ് ജോലിക്ക് കയറി മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്ത ജൂനിയര്‍ ഡോക്ടര്‍മാരുടെ ദുരിതം വിവരിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
”പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം..?”
കേരളത്തിൽ ആരോഗ്യവകുപ്പിലെ ഒരു ജില്ലാതല മേധാവി ഒരു ജൂനിയർ ഡോക്ടറോട് ചോദിച്ച ചോദ്യമാണ്. അതും കഴിഞ്ഞ രണ്ടു-മൂന്നുമാസമായി, കൃത്യമായി ഒരു തസ്തികയില്ലാതെ, ആരു പറയുന്ന എന്തുപണിയും ചെയ്യേണ്ടി വരുന്ന, കൊവിഡിൻ്റെ പേരിൽ സർക്കാർ നിർബന്ധിച്ച് പണിയെടുപ്പിക്കുന്ന ഒരു ജൂനിയർ ഡോക്ടറോട്, അങ്ങനെയുള്ള ആയിരം ഡോക്ടർമാരുടെ പ്രതിനിധിയായ ഒരു പെൺകുട്ടിയോട് ഒരു ഡോക്ടർ തന്നെ ചോദിച്ച ചോദ്യമാണ്.
ആ ആയിരം പേർക്കിടയിൽ എനിക്ക് വളരെ അടുപ്പമുള്ള ഒരു പെൺകുട്ടിയുടെ കാര്യം പറയാം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഏപ്രിൽ മാസത്തിൽ ഹൗസ് സർജൻസി പൂർത്തിയാക്കി, സർക്കാരിൻ്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് ആരോഗ്യ വകുപ്പിൻ്റെ കൊവിഡ് ഡ്യൂട്ടിയിൽ ജോയിൻ ചെയ്തതാണ്. അവൾ ലോണെടുത്താണ് പഠിച്ചത്. ലോണടയ്ക്കണം. വേറെയും കടങ്ങളുണ്ട്. അച്ഛൻ ഡ്രൈവറാണ്. കഴിഞ്ഞ 5 മാസമായി വരുമാനമില്ല. അനിയൻ വിദ്യാർത്ഥിയാണ്. വീട്ടിലെ ചെലവിനും ലോണടയ്ക്കാനും എല്ലാത്തിനും ഈ കുട്ടിയുടെ വരുമാനത്തിലാണ് നിലവിൽ പ്രതീക്ഷ.
അങ്ങനെയുള്ള നിരവധി ആൺകുട്ടികളും പെൺകുട്ടികളുമുണ്ട് ആ കൂട്ടത്തിൽ. അവരോടാണീ മഹനീയ ചോദ്യം.
ഇനി ജോലിയുടെ സ്വഭാവം: സ്വന്തം ജില്ലയിൽ തന്നെയാണ് പോസ്റ്റിംഗെങ്കിലും വീട്ടിൽ പോകാനോ അവരെയൊക്കെ കാണാനോ നിർവാഹമില്ല. ഏതെങ്കിലും ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യും. രണ്ടാഴ്ച കഴിഞ്ഞ്, ഒരാഴ്ച ക്വാറൻ്റൈൻ. പിറ്റേന്ന്, വേറെവിടേലും ആയിരിക്കും ജോലി. PPE-ക്കിറ്റിനകത്തെ ജോലി, Covid പിടിപെടുമോയെന്ന ആശങ്ക, വേണ്ടപ്പെട്ടവരെ കാണാനാവാത്ത അവസ്ഥ, ഇതിനിടയിൽ ശമ്പളം കൂടി കൊടുക്കാതിരുന്നാൽ…? ജോലി ചെയ്ത, വാഗ്ദാനം ചെയ്ത, അർഹതപ്പെട്ട ശമ്പളം ചോദിക്കുമ്പോൾ അധികൃതർ തന്നെ ഇമ്മാതിരി മനുഷ്യത്വരഹിതമായ ഡയലോഗു കൂടി പറഞ്ഞാൽ…?
ശരിക്കും വെള്ളരിക്കാ പട്ടണം തന്നെ..!
അധികാരത്തിൻ്റെ ചാരുകസേരയിലിരുന്നിട്ട് താഴോട്ട് നോക്കി പെണ്ണുങ്ങൾക്കെന്തിനാ ശമ്പളമെന്ന് ചോദിക്കുന്നവർ മേലോട്ട് കൂടി നോക്കി ഈ ചോദ്യം ചോദിക്കാൻ ധൈര്യം കാണിക്കണം. ആരോഗ്യമന്ത്രി മുതൽ DHS – ഉം അഡീഷണൽ DHS – ഉം സഹ-DMO മാരോടും ഒക്കെ ആദ്യം ചോദിക്ക്, നിങ്ങൾ സ്ത്രീകൾക്കെന്തിനാ ശമ്പളമെന്ന്.. എന്നിട്ട് പാവം പിള്ളേരെ വിരട്ടാം..
ഈ സർക്കാർ, കേവല രാഷ്ട്രീയത്തേക്കാൾ മൂല്യം മനുഷ്യത്വത്തിന് കൽപ്പിക്കുന്നുണ്ടെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നൊരാളാണ് ഞാൻ. അങ്ങനെയെങ്കിൽ 5 മാസമായി 50% ജോലി പോലും ചെയ്യാതിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഉത്സവബത്തയും ബോണസും കൊടുക്കുന്നതിന് 1 ദിവസം മുമ്പെങ്കിലും ഈ കുട്ടികളുടെ ശമ്പളം കൊടുക്കണം. എൻ്റെ മാത്രമല്ല, അൽപ്പം മനുഷ്യത്വമുള്ള സകല മലയാളികളുടെയും അഭ്യർത്ഥനയാണിത്. അതാണ് ശരിയും.
മനോജ് വെളളനാട്