കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വിവാദം തുടരുന്നതിനിടെ വിശദീകരണവുമായി പൊലീസ്. അസാധാരണമായ സാഹചര്യത്തില്‍ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ അനിവാര്യമായ ചില നിയന്ത്രണങ്ങള്‍ ആവശ്യമായിവരുമെന്നും അതിനെ സ്വകാര്യതയിലേയ്ക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. അതേസമയം, ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
കൊവിഡ് പ്രതിരോധത്തിന്റെ ചുമതല പൊലീസിന് നല്‍കിയത് വിവാദമായതിന് പിന്നാലെയാണ്, രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കവും പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയും വ്യക്തികളുടെ അനുവാദം കൂടാതെയും അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ആക്ഷേപം ശക്തമാണ്.
എന്നാല്‍, നിയമം അനുശാസിക്കുന്ന വിധത്തിലാണ് നടപടികളെന്നാണ് പൊലീസിന്റെ വിശദീകരണം. വിവര ശേഖരണം ആരുടെയും സ്വകാര്യതയുടെയോ മൗലികാവകാശങ്ങളുടെയോ ലംഘനമാവുന്നില്ല. മഹാമാരികള്‍ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ സ്വകാര്യതയുടെ ലംഘനമാകില്ലെന്ന് സുപ്രിംകോടതി വിധികളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ടെലിഫോണ്‍ കോളുകളുടെ ഉള്ളടക്കം ശേഖരിക്കുന്നില്ലെന്നും ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നതെന്നുമാണ് പൊലീസ് വിശദീകരണം. അതേസമയം, തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം എന്നാവശ്യപ്പെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തിയിട്ടുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്താനുള്ള വിലകുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണോ സര്‍ക്കാര്‍ നീക്കമെന്ന സംശയവും ചെന്നിത്തല പ്രകടിപ്പിച്ചു.