ന്യൂഡല്‍ഹി: രാജ്യത്തെ മരണനിരക്ക് പ്രതിദിനം കുറഞ്ഞുവരുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവും കോവിഡ് 19 പ്രതിരോധത്തിന് രാജ്യം സ്വീകരിച്ച നടപടികള്‍ ശരിയായ ദിശയിലുളളതാണെന്നാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19 സാഹചര്യം വിലയിരുത്തുന്നതിനായി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ഓരോ സംസ്ഥാനവും കോവിഡിനെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുഴവന്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ഓരോ സംസ്ഥാനവും വഹിക്കുന്ന വഹിക്കുന്ന പങ്കും പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തിക്ക് കോവിഡ് 19 ഉണ്ടോയെന്ന് 72 മണിക്കൂറിനുള്ളില്‍ രോഗനിര്‍ണയം നടത്താന്‍ സാധിച്ചാല്‍ കോവിഡ് വ്യാപനം വലിയ അളവില്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് കോവിഡ് 19 രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താനിടയായവര്‍ 72 മണിക്കൂറിനുളളില്‍ പരിശോധന നടത്തണമെന്നുളളത് പ്രധാനമാണ്. രാജ്യത്തെ പരിശോധനാ നിരക്ക് പ്രതിദിനം 7 ലക്ഷമാക്കി ഉയര്‍ത്താന്‍ സാധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, ബിഹാര്‍, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്.