പത്തനംതിട്ട:ശബരിഗിരി പദ്ധതിയിൽ മഴ ശക്തമായതോടെ തുറന്ന പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു. ഇന്ന് പുലർച്ചെയോടെയാണ് പമ്പാ അണക്കെട്ടിന്റെ അറു ഷട്ടറുകളും അടച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയിൽ ആശങ്കയൊഴിയുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞു.
ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് ഉയർത്തിയിരുന്നത്. പമ്പാ നദിയിൽ 40 സെന്റിമീറ്റർ വെള്ളം ഉയരുമെന്ന കണക്ക് കൂട്ടലിൽ ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.
നേരത്തെ രണ്ടു ഷട്ടറുകൾ മാത്രമാണ് തുറന്നിരുന്നത്. വെള്ളം 985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദേശിച്ചതെങ്കിലും 983.5 മീറ്റർ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാൻ ദുരന്തനിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഡാം തുറക്കുകയായിരുന്നു.