ആ 30 പെട്ടികള്‍ സര്‍ക്കാര്‍ വണ്ടിയില്‍ മലപ്പുറത്തേക്ക്; പിന്നാലെ കസ്റ്റംസ്…

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍നിന്ന് സി ആപ്റ്റിലേക്ക് (കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്) 32 പെട്ടികളെത്തിയത് ജൂണ്‍ 25ന്. പെട്ടികളില്‍ രണ്ടെണ്ണം ജീവനക്കാരുടെ മുന്നില്‍വച്ചു പൊട്ടിച്ചു. മതഗ്രന്ഥങ്ങളാണു പെട്ടിയില്‍ ഉണ്ടായിരുന്നത്. ബാക്കി 30 എണ്ണം പൊട്ടിക്കാതെ സി ആപ്റ്റിലെ പുസ്തകങ്ങള്‍ കൊണ്ടുപോകുന്ന അടച്ചുമൂടിയ വണ്ടിയില്‍ മലപ്പുറത്തേക്കു കൊണ്ടുപോയി.

മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിന്റെ നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നാണ് സി ആപ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റംസിനു നല്‍കിയ മൊഴി. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പെട്ടികള്‍ സ്വീകരിച്ചതില്‍ മന്ത്രിക്കും സ്ഥാപനത്തിന്റെ അധികാരികള്‍ക്കും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നു നയതന്ത്ര മേഖലയിലുള്ളവര്‍ പറയുന്നു. മലപ്പുറത്തേക്കു കൊണ്ടുപോയ 30 പെട്ടികളില്‍ മതഗ്രന്ഥങ്ങള്‍ക്കു പുറമേ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

അഞ്ച് ജീവനക്കാരില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. വട്ടിയൂര്‍ക്കാവ് ഓഫിസിന്റെ ചുമതലക്കാരന്‍, ഡെലിവറി സ്റ്റോര്‍ ഇന്‍ ചാര്‍ജ്, ഡ്രൈവര്‍, സെക്യൂരിറ്റി ഓഫിസര്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് എന്നിവരില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. സി ആപ്റ്റില്‍ ശേഷിച്ച ഒരു പെട്ടി തൂക്കം പരിശോധിക്കാനായി കസ്റ്റംസ് കൊണ്ടുപോയി.

പെട്ടികള്‍ ജൂണ്‍ 25ന് സി ആപ്റ്റിലെത്തിയത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചാണോ എന്ന് കസ്റ്റംസ് സംശയിക്കുന്നു. സ്ത്രീശക്തി ലോട്ടറിയും പ്ലസ് വണ്‍, പ്ലസ്ടു പാഠപുസ്തകങ്ങളും ഒന്‍പതാം ക്ലാസുവരെയുള്ള ചോദ്യപേപ്പറുകളും അച്ചടിക്കുന്നതു സി ആപ്റ്റിലാണ്.

ജൂണ്‍ 25ന് മലപ്പുറത്തേക്കു കൊണ്ടുപോകാനായി അടച്ചുമൂടിയ വണ്ടിയില്‍ പാഠപുസ്തകങ്ങള്‍ നേരത്തെ തയാറാക്കി വച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍നിന്നെത്തിയ വാഹനത്തില്‍നിന്ന് 32 പെട്ടികള്‍ ഇറക്കിയശേഷം രണ്ടു പെട്ടികള്‍ ഒരു ജീവനക്കാരനെ കൊണ്ടുപൊട്ടിച്ചു. 30 പെട്ടികള്‍ പുസ്തകങ്ങളോടൊപ്പം അടച്ചുമൂടിയ വണ്ടിയില്‍ കയറ്റി മലപ്പുറത്തേക്കു കൊണ്ടുപോയി. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ശേഷിക്കുന്ന രണ്ടു പെട്ടികള്‍ ഡെലിവറി സ്റ്റോറിലേക്കു മാറ്റി. അതില്‍നിന്ന് ഒരു പെട്ടിയാണ് കസ്റ്റംസ് പരിശോധനയ്ക്കായി എടുത്തത്.

പെട്ടിയിലുള്ള മതഗ്രന്ഥങ്ങള്‍ എവിടെയാണ് അച്ചടിച്ചത്, ആരാണ് ഇങ്ങോട്ടേക്ക് അയച്ചത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നു. പെട്ടികള്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതും മന്ത്രി കെ.ടി.ജലീല്‍ അതു തുറന്നു സമ്മതിച്ചതും ഗുരുതരമായ വീഴ്ചയാണെന്നു നയതന്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്ന നാട്ടില്‍ എന്തെങ്കിലും വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടായാലാണ് അസാധാരണ സാഹചര്യങ്ങളില്‍ ഇറക്കുമതി അനുവദിക്കുന്നത്. ഇതിനു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ കിട്ടുമെന്നിരിക്കെ ഇറക്കുമതി എന്തിനാണെന്നാണു കസ്റ്റംസ് പരിശോധിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7