രണ്ട് ലക്ഷത്തോളം ഡോളര്‍ കിട്ടിയതായി സ്വപ്ന; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളേപ്പറ്റി ശിവശങ്കറിന് അറിയുമോയെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്യുക. സ്വര്‍ണക്കടത്തിന് കിട്ടിയ തുകയ്ക്ക് പുറമെ 1,85,000 ഡോളര്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

സ്വര്‍ണക്കടത്തിലൂടെയല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കോടിക്കണക്കിന് രൂപ സ്വപ്‌ന സ്വന്തമാക്കിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. 1,35,000 ഡോളര്‍ സ്വപ്‌നയുടെ അക്കൗണ്ടിലെത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ 50,000 ഡോളര്‍ പ്രതിഫലമായി വേറെയും ലഭിച്ചിട്ടുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.

യുഎഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് എന്‍ജിഒകള്‍ വഴി കേരളത്തില്‍ നടത്തുന്ന ഭവന നിര്‍മാണ പദ്ധതികളുടെ വിഹിതമായിട്ടാണ് ഈ പണം ലഭിച്ചതെന്നാണ് സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്. വിഹിതത്തിലൊരു പങ്ക് യുഎഇ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും ലഭിച്ചിട്ടുണ്ടെന്നാണ് സ്വപ്‌ന പറയുന്നത്.

തൃശ്ശൂര്‍ ജില്ലയിലടക്കം യുഎഇയിലെ എന്‍ജിഒകള്‍ വഴി നടത്തുന്ന ഭവന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്വപ്‌നയും സരിത്തുമായിരുന്നു. ഇത്തരത്തില്‍ കിട്ടിയ കോടിക്കണക്കിന് തുക കണക്കില്‍ പെടുത്താനാണ് ശിവശങ്കര്‍ വഴി ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സേവനം തേടിയതെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.

നേരത്തെ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയെ കസ്റ്റഡിയില്‍ കിട്ടിയിരുന്നില്ല. ഇതേതുടര്‍ന്നാണ് ശിവശങ്കറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തണോയെന്ന് ആലോചിക്കുന്നത്.

നേരത്തെ എന്‍ഐഎ സ്വപ്‌നയുടെ ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ ഒരുകോടി രൂപയും ഒരുകിലോ സ്വര്‍ണവും ലഭിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7