തിരുവനന്തപുരം : സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ തോത് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ മറികടക്കുന്നു. ഇവരുടെ തോത് മൊത്തം കേസുകളുടെ 30 ശതമാനത്തില്‍ താഴെ നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണു പ്രതിരോധ നടപടികള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴത് 60 ശതമാനമായി.
കേരളത്തിനു പുറത്തു നിന്നു വരുന്നവരുടെ കുടുംബാംഗങ്ങളായിരിക്കും സമ്പര്‍ക്ക ബാധിതരില്‍ ഏറെയുമെന്ന കണക്കുകൂട്ടലും തെറ്റി. മേയ് 4നു ശേഷം പുറത്തുനിന്നു വന്നവരില്‍ 9272 പേര് പോസിറ്റീവ് ആയെങ്കില്‍ സമ്പര്‍ക്ക കേസുകള്‍ 13,842 ആണ്. പുറത്തു നിന്നു വരുന്നവരുമായുള്ള ഗാര്‍ഹിക സമ്പര്‍ക്കം മൂലമല്ല പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നതെന്നു വിദഗ്ധസമിതി ചെയര്മാന് ഡോ. ബി. ഇക്ബാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അറിയിച്ചു.
വീടിനു പുറത്തു നിന്നാണു വൈറസ് ബാധ. ചില ജില്ലകളില്‍ സമ്പര്‍ക്ക കേസുകളുടെ തോതു വളരെയേറെയാണ്. തിരുവനന്തപുരം ജില്ലയിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍, കടകമ്പോളങ്ങളില്‍ ജോലി ചെയ്യുന്നവരെ പരിശോധനയ്ക്കു വിധേയമാക്കണം.
കടകളില്‍ ഒരേസമയം കൂടുതല്‍ ആളുകള്‍ എത്തുന്നതു തടയാന്‍ ഫോണ്‍ ബുക്കിങ് പ്രോത്സാഹിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. ആവശ്യമുള്ള സാധനങ്ങള്‍ കടയിലേക്കു ഫോണില്‍ വിളിച്ചുപറയുകയും അവ പാക്കറ്റിലാക്കി വച്ചശേഷം കടയില്‍നിന്ന് ഫോണില്‍ അറിയിക്കുകയും ചെയ്യുകയെന്ന നിര്‍ദേശമാണു ചര്‍ച്ചയില്‍ വന്നത്.
follow us pathram online