തിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 100 മുതല്‍ 200 വരെ പ്രതിദിന പരിശോധനകള്‍ നടത്താനാകും. മൈക്രോ ബയോളജി വിഭാഗത്തിനോട് ചേര്‍ന്നാണ് ഈ ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഈ ലാബ് കൂടി പ്രവര്‍ത്തനസജ്ജമായതോടെ എന്‍.ഐ.വി. ആലപ്പുഴ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ രണ്ട് ആര്‍ടിപിസിആര്‍ ലാബുകളാണ് ഉള്ളത്. ഇതോടെ പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ നല്‍കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
17 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. ആലപ്പുഴ എന്‍.ഐ.വി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്സിറ്റി, മഞ്ചേരി മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കോട്ടയം മെഡിക്കല്‍ കോളേജ്, പാലക്കാട് മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിക്കല്‍ കോളേജ്, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലാബുകളിലാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്. തുടക്കത്തില്‍ നൂറില്‍ താഴെമാത്രമായിരുന്ന കോവിഡ് പരിശോധന 20,000ന് മുകളിലെത്തിക്കാന്‍ കഴിഞ്ഞു.