അഞ്ച് റഫാല്‍ വിമാനങ്ങള്‍ അംബാല വ്യോമതാവളത്തില്‍ പറന്നിറങ്ങുന്ന വീഡിയോ കാണാം…

ന്യൂഡൽഹി: ഫ്രാൻസിൽ നിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യയിലേക്കു കടന്നത്. സുഖോയ് 30 യുദ്ധവിമാനങ്ങൾ റഫാലുകളെ അനുഗമിക്കുന്നുണ്ട്.

റഫാല്‍ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ എ330 ഫീനിക്‌സ് എംആര്‍ടിടി ടാങ്കര്‍ വിമാനങ്ങളില്‍ ഒന്നില്‍ ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ സഹായിക്കാനായി 70 വെന്റിലേറ്ററുകള്‍, ഒരുലക്ഷം ടെസ്റ്റ് കിറ്റുകള്‍ എന്നിവയ്‌ക്കൊപ്പം 10 ആരോഗ്യവിദഗ്ധരും എത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രാലയം അറിയിച്ചു.

അബുദാബിയിലെ അൽദഫ്ര വ്യോമതാവളത്തില്‍ നിന്നു രാവിലെയാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് വിമാനങ്ങൾ അബുദാബി വ്യോമതാവളത്തിലെത്തിയത്. ഇന്നലെ അവിടെ തങ്ങുകയായിരുന്നു. 2700 കിലോമീറ്റർ യാത്ര ചെയ്ത് പാക്ക് വ്യോമപാത ഒഴിവാക്കി ഗുജറാത്തിലൂടെയാണ് വിമാനങ്ങൾ ഇന്ത്യയിലേക്കെത്തിയത്.

അംബാലയിലെ 17–ാം സ്ക്വാഡ്രണിന്റെ കമാൻഡിങ് ഓഫിസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകീരത് സിങ്ങിന്റെ നേതൃത്വത്തിലുള്ള 7 പൈലറ്റുമാരാണു വിമാനങ്ങൾ പറപ്പിക്കുന്നത്. കോട്ടയം സ്വദേശി വിങ് കമാൻഡർ വിവേക് വിക്രമും സംഘത്തിലുണ്ട്. ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽ നിന്ന് അബുദാബി വരെയുള്ള യാത്രയിൽ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ ആകാശത്തുവച്ച് റഫാലിൽ ഇന്ധനം നിറച്ചിരുന്നു. അംബാലയിലേക്കുള്ള യാത്രയ്ക്കിടെ ഒപ്പം ചേരുന്ന ഇന്ത്യൻ വ്യോമസേനയുടെ ടാങ്കർ വിമാനങ്ങളും ഇന്ധനം നിറച്ചു.

സ്വന്തം പേരു സൂചിപ്പിക്കുന്ന അക്ഷരങ്ങൾ രേഖപ്പെടുത്തിയ വിമാനങ്ങൾ സ്വീകരിക്കാനുള്ള അപൂർവ ഭാഗ്യമാണ് ആർ.കെ.എസ്. ഭദൗരിയയ്ക്കു ലഭിച്ചത്. റഫാൽ കരാർ യാഥാർഥ്യമാക്കുന്നതിൽ ഭദൗരിയയുടെ പങ്കു കണക്കിലെടുത്ത് വിമാനത്തിന്റെ ടെയിൽ നമ്പറിൽ (വിമാനത്തിന്റെ വാലിൽ രേഖപ്പെടുത്തിയ തിരിച്ചറിയൽ നമ്പർ) അദ്ദേഹത്തിന്റെ പേരിലെ രണ്ടക്ഷരങ്ങൾ ചേർത്ത് ‘ആർബി’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യോമസേനയുടെ 17–ാം നമ്പർ സ്ക്വാഡ്രൻ (ഗോൾഡൻ ആരോസ്) ആണു റഫാലിനായി അംബാലയിൽ സജ്ജമാക്കുക. മിസൈലുകൾ അടക്കം ഘടിപ്പിച്ച റഫാലുകളുടെ സ്ക്വാഡ്രൻ ഓഗസ്റ്റ് രണ്ടാം പകുതിയോടെ പ്രവർത്തനക്ഷമമാകും. സംഘർഷം നിലനിൽക്കുന്ന ഇന്ത്യ – ചൈന അതിർത്തിയിലായിരിക്കും ആദ്യ ദൗത്യം. സേനയുടെ 12 പൈലറ്റുമാർ ഫ്രാൻസിൽ പരിശീലനം പൂർത്തിയാക്കി.

follow us: PATHRAM ONLINE LATEST NEWS
rafale-jets-in-india

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7