‘വീട്ടിലാണെങ്കില്‍ തല പൊങ്ങാതെ പനിച്ചു കിടന്നാലും അമ്മ പൊതിച്ചോറ് മുടക്കില്ല’; ഹൃദയത്തിൽ തൊടുന്ന കുറിപ്പ്

മക്കളെ എത്ര ഊട്ടിയാലും മതിയാകാത്ത അമ്മമാർ. സ്‌കൂളിലേക്ക് സ്നേഹം പൊതിഞ്ഞുകെട്ടി കൊടുത്തുവിടുമ്പോൾ അതിന്റെ വില പലപ്പോഴും മക്കൾ മനസ്സിലാക്കാറില്ല. കുട്ടിക്കാലത്തെ മറക്കാനാകാത്ത ഓർമ്മകൾ ഫെയ്സ്ബുക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് ക്യാപ്റ്റൻ സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ.

പ്രജേഷ് സെന്നിന്റെ കുറിപ്പ് വായിക്കാം;

വീട്ടിലാകുമ്പോള്‍ മിക്കവാറും ഭക്ഷണം കഴിക്കാനിരുന്നാല്‍ അമ്മ കൂടെ വന്നിരിക്കും. കഴിക്കുന്നത് നോക്കി വിളമ്പിയ കറികള്‍ക്ക് മുകളില്‍ പിന്നേയും പിന്നേയും വിളമ്പി അങ്ങനെ ഇരിക്കും. അമ്മയുണ്ടാക്കുന്ന എല്ലാ കറികളും എന്തൊര് ഇഷ്ടത്തോടെയാണ് ഞങ്ങള്‍ കഴിക്കാറ്. അതമ്മക്കും അറിയാം. അതുകൊണ്ടാകാം കഴിക്കുന്നതിനിടയില്‍ പിന്നെയും കറിയും ചോറും പാത്രത്തിലേക്ക് ഇട്ടുകൊണ്ടിരിക്കുന്നത്. ഇതൊരു പതിവ് കലാപരിപാടിയാണ്.

കുറേ കാലം മുന്‍പ് ഒരു ദിവസം ഏതോ ഒരു മോശം മൂഡില്‍ ഞാനമ്മയോട് ചൂടായി….എനിക്കാവശ്യമുള്ളത് എടുത്ത് കഴിച്ചോളാം… ഇങ്ങനെ സല്‍ക്കരിക്കല്ളേ എന്ന്… അമ്മ ഒന്നും പറഞ്ഞില്ല. അടുക്കളയിലേക്ക് പോയി. തിരിച്ചുവരും വഴി അമ്മയുടെ കാല്‍ ഡൈനിങ്ങ് ടേബിളില്‍ മുട്ടി. കണ്ണുകള്‍ നിറഞ്ഞിരുന്നതിനാല്‍ അവരാ മേശക്കാല്‍ ഒരു നിമിഷം കണ്ടില്ല. അമ്മ സ്നേഹത്തില്‍ വിളമ്പിയത് മനസിന്‍െറ ഉള്ളില്‍ നിന്നായതുകൊണ്ട് ഞാനത് കാണാതെ പോയി.

അന്നാ ടേബിളില്‍ ഇരുന്ന് കഴിച്ചുതീര്‍ത്തതാണ് ജീവിതത്തിലെ ഏറ്റവും രുചിയുള്ള അവസാനത്തെ ഭക്ഷണം. പിന്നെ ഒരിക്കലും കുറ്റബോധം കാരണം
എനിക്കാ രുചി വീണ്ടെടുക്കാനായിട്ടില്ല.

സ്നേഹത്തിന്‍െറ കാര്യമാണ് പറഞ്ഞു വരുന്നത്. അത് ചിലപ്പോള്‍ കുമിഞ്ഞു മുകളിലേക്ക് വീഴും നമുക്കത് അപ്പോള്‍ ഇഷ്ടമാകില്ല. പക്ഷേ ഏതെങ്കിലും മൊമന്‍റില്‍ അത് നമ്മളെ കരയിക്കും അതില്‍ നിന്ന് കരകേറാന്‍ ഒരായുസ്സ് ചിലപ്പോള്‍ മതിയാവില്ല.

ജീവിതത്തില്‍ ഞാനേറ്റവും കൂടുതല്‍ കഴിച്ചിട്ടുള്ള ഭക്ഷണം ചോറും ചമ്മന്തിയും മുട്ടപൊാരിച്ചതും നാരങ്ങാ അച്ചാറുമാണ്. എന്‍െറ പഠനകാലം മുഴുവന്‍ മിക്കദിവസവും ഏതാണ്ടിതായിരുന്നു കോമ്പിനേഷന്‍. വാഴയിലയില്‍ പൊതിഞ്ഞുകെട്ടിയ പൊതിച്ചോറ്.

ചില ദിവസങ്ങളില്‍ എനിക്കാ പൊതി തുറക്കുമ്പോള്‍ തന്നെ ദേഷ്യം വരുമായിരുന്നു. ഒരു ദിവസം ചോറുകൊണ്ടു പോയില്ല. സര്‍ജറി ചെയ്തു കിടക്കുന്ന അപ്പച്ചിയെ നോക്കാന്‍ ആശുപത്രിയിലായിരുന്നു അമ്മ. വീട്ടിലാണെങ്കില്‍ തലപൊങ്ങാതെ പനിച്ചു കിടന്നാലും അമ്മ ചോറ് പൊതി മുടക്കില്ല. അന്നതുകൊണ്ട് ചോറില്ലാതെ സ്കൂളില്‍ പോയി.

ഉച്ചവരെ വിശപ്പൊന്നും തോന്നിയില്ല. ഉച്ചമണി മുഴങ്ങി കുട്ടികള്‍ കൈകഴുകാന്‍ ഓടി. ഞാന്‍ മാത്രം പോയില്ല. അവര്‍ തിരികെ വന്ന് ബാഗുകളില്‍ നിന്നും പൊതികളും പാത്രങ്ങളും എടുത്ത് അടുത്ത ഒഴിഞ്ഞ ക്ളാസ് മുറിയിലേക്ക് പോയി.
ഞാന്‍ ഡെസ്കില്‍ കോമ്പസുകൊണ്ട് ചിത്രം വരക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അടുത്ത കളാസ് മുറിയില്‍ നിന്നും ഇലപ്പൊതികള്‍ തുറക്കുന്ന നേരം ഞാനിവിടെ അത്് തിരിച്ചറിഞ്ഞു.

പൊതിക്കുള്ളില്‍ ഒതുങ്ങിയിരുന്ന മുട്ടപൊരിച്ചതും ചമ്മന്തിയും നാരങ്ങാ അച്ചാറും മണമായി എന്‍െറ അരികിലത്തെി. ആ മണം സത്യത്തില്‍ എന്നെ കരയിച്ചു. കൊതികൊണ്ടല്ല, സങ്കടം കൊണ്ട്. ഒരു പക്ഷേ ജീവിതത്തില്‍ അമ്മ തന്നുവിടുന്ന പെതിച്ചോറിന് അത്രയും സ്വാദ് ഉണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞത് അന്നാണ്. അന്ന് മാത്രമാണ്.

നമ്മളെ എന്നും കഴിപ്പിക്കാനേ നോക്കാറുള്ളൂ…നമുക്ക് ഇഷ്ടപ്പെട്ടത് ഉണ്ടാക്കി തരാനേ ശ്രമിക്കാറുള്ളൂ. ആ സമയം നമ്മള്‍ക്കത് ചിലപ്പോള്‍ ഇഷ്ടപ്പെടില്ല. കാലം കഴിയുമ്പോള്‍ ചിലപ്പോള്‍ നമ്മളാ ഇഷ്ടത്തെ ഓര്‍ത്ത് സങ്കടപ്പെടും.

നമുക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും പ്രിയപ്പെട്ടൊരാള്‍ക്ക് നല്‍കുമ്പോള്‍ അവരുടെ മുഖം വാടിയാല്‍ നമുക്കത് സഹിക്കില്ല… സ്വീകരിക്കുന്നവർ തിരിച്ചറിയേണ്ടത് തരുന്നയാളിന്റെ സ്നേഹത്തിന്റെ ഒരു കഷണമാകും അതെന്നാണ് … ആ തിരിച്ചറിവ് പ്രകടിപ്പിക്കാൻ പക്ഷേ നമ്മള് മറക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7